ഇടുക്കി: സിപിഎം വിട്ട ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന് ഇന്ന് മൂന്നാറിൽ സ്വീകരണം ഒരുക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പങ്കെടുക്കുന്ന ചടങ്ങിലാണ് സിപിഎം മുൻ നേതാവിന് സ്വീകരണമൊരുക്കുക. കഴിഞ്ഞ ദിവസം രാജേന്ദ്രൻ്റെ നേതൃത്വത്തിൽ ഒരു സഹകരണ സംഘം മൂന്നാറിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ബിജെപിയാണ് സഹകരണ സംഘം നിയന്ത്രിക്കുക. എന്നാൽ അംഗത്വമെടുത്ത ശേഷം മറ്റ് ബിജെപി പരിപാടികളിലൊന്നും എസ് രാജേന്ദ്രൻ പങ്കെടുത്തിരുന്നില്ല.
ദേവികുളം എംഎല്‍എ എ രാജയ്ക്ക് എതിരായി പ്രവര്‍ത്തിച്ചതിന് എസ് രാജേന്ദ്രനെതിരെ സിപിഎം നേരത്തേ നടപടി എടുത്തിരുന്നു. 2006-11, 2011-16, 2016-21 എന്നീ കാലയളവിൽ മൂന്നു തവണ സിപിഎമ്മിന്റെ എംഎല്‍എ ആയ രാജേന്ദ്രന്‍ അഞ്ച് വര്‍ഷത്തോളമായി സിപിഎമ്മുമായി സഹകരിച്ചിരുന്നില്ല. തുടർന്ന് കഴിഞ്ഞ ജനുവരി 18 നാണ് ബിജെപിയിൽ അംഗത്വമെടുത്തത്. തിരുവനന്തപുരത്തെ ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തന്നെയായിരുന്നു രാജേന്ദ്രന് അംഗത്വം നൽകിയത്.
















