ന്യൂയോർക്ക്: ഇന്ത്യൻ ഇറക്കുമതികൾക്ക് നിശ്ചയിച്ചിരുന്ന അധിക നികുതി നീക്കം ചെയ്യുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചെന്ന് റിപ്പോർട്ട്. ഇന്ത്യ യുഎസ് വ്യാപാരക്കരാറിലേക്ക് നീങ്ങിയതോടെയാണ് അമിത ചുങ്കം ഒഴിവാക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചത്. വെള്ളിയാഴ്ച ഇതിനുള്ള എക്സിക്യുട്ടീവ് കരാറിൽ ട്രംപ് ഒപ്പുവെച്ചു.
2025 ഓഗസ്റ്റ് മുതൽ റഷ്യക്കെതിരെയുള്ള ഉപരോധത്തിന്റെ ഭാഗമായി മിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങളുടേയും ഇറക്കുമതിക്ക് യുഎസ് ഭരണകൂടം 25% അധിക നികുതി ചുമത്തിയിരുന്നു. ചില ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെയായിരുന്നു പിഴയായി ചുമത്തിയിരുന്നത്. ഇതാണ് ഇപ്പോൾ യുഎസ് പിൻവലിച്ചിരിക്കുന്നത്. “റഷ്യൻ ഫെഡറേഷൻ ഗവൺമെന്റ് അമേരിക്കയ്ക്ക് ഉയർത്തുന്ന ഭീഷണികൾ പരിഹരിക്കുന്നതിനുള്ള തീരുവകൾ പരിഷ്കരിക്കൽ” എന്ന തലക്കെട്ടിലുള്ള എക്സിക്യൂട്ടീവ് ഉത്തരവ് പ്രകാരമാണ് ട്രംപ് ഈ അധിക നികുതി പിൻവലിച്ചത്. പുതിയ തീരുമാനമനുസരിച്ച് നികുതി 18 ശതമാനമായി കുറയും.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിർത്തുമെന്ന് നരേന്ദ്രമോദി നിലപാടെടുത്തതാണ് യുഎസിന്റെ പുതിയ തീരുമാനങ്ങൾക്ക് കാരണമായത് എന്നാണ് വിവരം. ഫെബ്രുവരി 2 ന് പ്രസിഡന്റ് ട്രംപും പ്രധാനമന്ത്രി മോദിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തെ തുടർന്ന് ഇന്ത്യ യുഎസുമായി ഇടക്കാല വ്യാപാര കരാർ ഉണ്ടാക്കിയെന്നും എക്സിക്യുട്ടീവ് ഉത്തരവിൽ പരാമർശമുണ്ട്. കാർഷികമേഖലയടക്കം അമേരിക്കയ്ക്ക് മുന്നിൽ തുറന്നുകൊടുത്തെന്ന് ഇടക്കാല വ്യാപാര കരാറിനെതിരെ വിമർശനമുയർന്നിരുന്നു. അതേസമയം നികുതി 18 ശതമാനമായി കുറയുമെന്നും ഇത് ഇന്ത്യയുടെ വളർച്ചയ്ക്ക് സഹായിക്കുമെന്നും ന്യായീകരിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ രംഗത്തെത്തിയിരുന്നു.
















