കൊച്ചി: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ആയിരുന്ന ഡോ. സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എംഡി ടിഎ ജോസഫ്, തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കൊച്ചിയിൽ മാധ്യമങ്ങളെ കാണും. സിജെ റോയിയുടെ ആത്മഹത്യയിൽ ഇതാദ്യമായാണ് ടിഎ ജോസഫ് വാർത്താസമ്മേളനം വിളിക്കുന്നത്. ഫെബ്രുവരി 4 ന് വീഡിയോയിലൂടെ ജോസഫ് പ്രതികരിച്ചിരുന്നു. പൊലീസ് അന്വേഷണത്തോട് സഹകരിക്കേണ്ടതിനാൽ കേരളത്തിലേക്ക് എത്താൻ കഴിഞ്ഞില്ലെന്നും അതിനാലാണ് കേരളത്തിലെത്തി വാർത്താസമ്മേളനം നടത്താൻ കഴിയാത്തതെന്നും വീഡിയോയിൽ ടിഎ ജോസഫ് പറഞ്ഞിരുന്നു. തുടർന്നാണ് തിങ്കളാഴ്ച ജോസഫ് കൊച്ചിയിൽ വാർത്താസമ്മേളനം നടത്തുന്നത്.
റോയിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം, ചെയർമാന്റെ വിയോഗത്തെത്തുടർന്നുള്ള കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഭാവി പ്രവർത്തനങ്ങളും വാർത്താസമ്മേളനത്തിൽ ചർച്ചയായേക്കും. കമ്പനിയുടെ എല്ലാ പ്രോജക്ടുകളും മുൻനിശ്ചയിച്ച പ്രകാരം തന്നെ തുടരുമെന്നും കോൺഫിഡന്റ് ഗ്രൂപ്പിനെ ജോസഫും റോയിയുടെ മകൻ രോഹിത്തും ചേർന്ന് നയിക്കുമെന്നും നേരത്തേ സി ജെ റോയിയുടെ സഹോദരൻ സി ജെ ബാബു അറിയിച്ചിരുന്നു. ഏതെങ്കിലും ഇൻവെസ്റ്റർമാരുടെ പണമോ കള്ളക്കടത്ത് പണമോ ഒന്നും കോൺഫിഡന്റ് ഗ്രൂപ്പിന്റെ പക്കലില്ലെന്നും സിബിഐയോ ഇഡിയോ തങ്ങളുടെ പിറകിലില്ലെന്നും ടിഎ ജോസഫും പ്രതികരിച്ചിരുന്നു.
















