തിരുവനന്തപുരം: ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ ചെന്നതെന്ന മുൻമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിച്ച് മറ്റൊരു ചിത്രം പുറത്ത്. ഉണ്ണികൃഷ്ണന്റെ അമ്മാവന്‍റെ മകളെ പരീക്ഷയിൽ ഉന്നതവിജയം നേടിയതിന് മന്ത്രി അഭിനന്ദിക്കുന്ന ചിത്രമാണ് പുറത്ത് വന്നിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് തന്നെയുള്ളതാണ് ഈ ചിത്രവും.
ശബരിമല സ്വർണക്കൊള്ളക്കേസിൽ ഒന്നാംപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ജാമ്യം ലഭിച്ച് പുറത്തുവന്നതോടെയാണ് പുതിയ ചിത്രം പുറത്തുവന്നത്. ഒരു പ്രാവശ്യം മാത്രമാണ് ഉണ്ണികൃഷ്ണന്റെ വീട്ടിൽ പോയതെന്നും അന്ന് തനിക്കൊപ്പം രാജു എബ്രഹാം ഉണ്ടായിരുന്നെന്നും ആയിരുന്നു കടകംപള്ളി സുരേന്ദ്രൻ നേരത്തേ പറഞ്ഞിരുന്നത്. ഉണ്ണികൃഷ്ണന്റെ പിതാവിന്റെ സംസ്കാര ചടങ്ങിനാണ് പോയെതെന്നായിരുന്നു ദേവസ്വം മുൻമന്ത്രിയുടെ നേരത്തേയുള്ള വിശദീകരണം.
അതേസമയം വിഷയത്തിൽ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ രംഗത്തുവന്നു. ഒരു കുട്ടിക്ക് മൊമെന്റോ കൊടുക്കുന്ന ഒരു ഫോട്ടോയാണ് പുറത്ത് വന്നതെന്നും അത് എവിടെ നിന്ന് കൊടുത്തു എന്ന് തനിക്ക് ഓർമയില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
















