Homepage Featured Kerala News

വിവാദങ്ങൾക്കൊടുവിൽ റീഷെഡ്യൂള്‍ ചെയ്ത ഇലക്ട്രിക് ബസുകളുടെ സര്‍വീസ് ആരംഭിച്ചു; ബസ് സര്‍വീസ് ഫ്ലാഗ് ഓഫ് ചെയ്ത് വിവി രാജേഷ്

തിരുവനന്തപുരം: ഇലട്രിക് ബസുകളുടെ സർവീസുമായി ബന്ധപ്പെട്ട് കെഎസ്ആർടിസിയും തിരുവനന്തപുരം കോര്‍പ്പറേഷനും തമ്മിലുള്ള വിവാദങ്ങൾക്കൊടുവിൽ റീഷെഡ്യൂള്‍ ചെയ്ത ബസുകളുടെ സര്‍വീസ് ആരംഭിച്ചു. ആദ്യ സര്‍വീസ് മേയര്‍ വിവി രാജേഷ് ഫ്ലാഗ് ഓഫ് ചെയ്തു. മേയറുടെ വാര്‍ഡായ കൊടുങ്ങാനൂരിലെ കുലശേഖരത്തുനിന്നും കിഴക്കേക്കോട്ടയിലേക്കുള്ള ഇ-ബസ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. തിരുവനന്തപുരം കോര്‍പ്പറേഷൻ പരിധിയിലെ 23 ഇടറോഡുകളിലാണ് പുതുതായി ഇലക്ട്രിക് ബസ് സര്‍വീസ് ആരംഭിക്കുന്നത്.

ആന്‍റണി രാജു മന്ത്രിയായിരുന്നപ്പോഴാണ് സർക്കുലർ സർവീസുകൾ ഇടറോഡുകളിൽ ഓടിത്തുടങ്ങിയത്. കെ.ബി.ഗണേഷ് കുമാർ എത്തിയതോടെ ഇതെല്ലാം പിൻവലിക്കുകയും നിരക്ക് കുത്തനെ കൂട്ടുകയും ചെയ്തു. ഗണേഷ് കുമാറുമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ചർച്ചകളിലാണ് ശനിയാഴ്ച മുതൽ പുതിയ സർവീസുകൾ തുടങ്ങാൻ തീരുമാനമായത്. രാവിലേയും വൈകിട്ടും തിരക്കുള്ള സമയങ്ങളിലായിരിക്കും ഇലക്ട്രിക് ബസുകൾ പുതിയ റൂട്ടുകളിലൂടെ ഓടിക്കുക. നിലവിൽ കെഎസ്ആർടിസി സർവീസ് ഇല്ലാത്ത വഴികളാണ് ഭൂരിഭാഗം കൗൺസിലർമാരും നിർദേശിക്കുന്നത്.

രാവിലെ 7.30 നാണ് കൊടുങ്ങാനൂർ വാർഡിലെ കുലശേഖരത്ത് നിന്ന് കുരുവിക്കാട്, തിട്ടമംഗലം,കുന്നൻപാറ,കുന്നൻപാറ,കുണ്ടമൺകടവ് വഴി കിഴക്കേക്കോട്ടയിലേയ്ക്ക് ആദ്യ സർവീസ് ആരംഭിച്ചത്. തുടർന്നുള്ള ദിവസങ്ങളിൽ മറ്റ് വാർഡുകളിലെ റൂട്ടുകളിലും ബസുകൾ ഓടിത്തുടങ്ങും. മറ്റ് പല കൗൺസിലർമാരും ആവശ്യവുമായി സമീപിച്ചിട്ടുണ്ടെന്നും ഇപ്പോൾ നിശ്ചയിച്ച 23 സർവീസുകൾ ആരംഭിച്ച ശേഷം പുതിയ സർവീസുകൾ ആവശ്യമെങ്കിൽ ഗതാഗത വകുപ്പുമായി വീണ്ടും ചർച്ച നടത്തുമെന്നാണ് മേയര്‍ വ്യക്തമാക്കിയിട്ടുള്ളത്.

Related Posts