Homepage Featured India News

മണിപ്പൂരിൽ വീണ്ടും സംഘർഷം; കനത്ത ജാഗ്രതയിൽ സുരക്ഷാസേന, കുക്കി മേഖലകളിൽ ഇന്ന് അടച്ചുപൂട്ടൽ

ഇംഫാൽ: രാഷ്ട്രപതിഭരണം അവസാനിച്ചതിന് പിന്നാലെ മണിപ്പൂരിൽ വീണ്ടും സംഘർഷം. കുക്കി വിഭാ​ഗത്തിലുള്ളവരുടെ പ്രതിഷേധമാണ് അക്രമാസക്തമായത്. കുക്കി വിഭാ​ഗത്തിൽ നിന്നുള്ള എംഎൽഎമാർ എൻഡിഎ സർക്കാരിന്‍റെ ഭാഗമായതിന് എതിരെയായിരുന്നു പ്രതിഷേധം. അക്രമത്തെത്തുടർന്ന് കുക്കി മേഖലകൾ ഇന്ന് സുരക്ഷാസേന അടച്ചുപൂട്ടും.

മണിപ്പൂരിലെ ചുരചന്ദ്പൂരിൽ കഴിഞ്ഞ ദിവസം വ്യാപക അക്രമം ഉണ്ടായിരുന്നു. വാഹനഗതാഗതം തടഞ്ഞായിരുന്നു കുക്കി മേഖലയിലെ പ്രതിഷേധം. കനത്ത ജാഗ്രതയിലാണ് സുരക്ഷാസേന. സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചിട്ടുമുണ്ട്. പുതിയ സർക്കാരിലും മന്ത്രിസഭയിലും കുക്കി വിഭാ​ഗത്തിലുള്ള എംഎൽഎമാർ ഉണ്ടാകരുതെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുക്കി വിഭാഗം വനിതാ നേതാവ് നൊംചാ കിപ്‌ജെൻ മന്ത്രിസഭയിൽ ചേർന്നതാണ് പ്രകോപനത്തിന് കാരണം. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നെംച കിപ്‌ജെൻ കുക്കി വിഭാ​ഗത്തിൽ നിന്നുള്ള നേതാവാണ്. കഴിഞ്ഞ ദിവസം മെയ്തി വിഭാഗക്കാരനും ബിജെപി നേതാവുമായ യുമാന്‍ ഖേംചന്ദ് ആയിരുന്നു മണിപ്പൂരിൽ മുഖ്യമന്ത്രിയായി സ്ഥാനമേറ്റത്. മെയ്തി വിഭാ​ഗത്തിന് മേൽക്കൈയുള്ളതാണ് മണിപ്പൂരിലെ സർക്കാർ.

കലാപത്തെത്തുടർന്ന് 2025 ഫെബ്രുവരി 13 നാണ് കേന്ദ്രസർക്കാർ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. ആഭ്യന്തര കലാപം തടയാൻ കഴിയാത്തതിൽ വ്യാപക വിമർശനം ഉയർന്നതോടെ ബിജെപി നേതാവും മുഖ്യമന്ത്രിയുമായ എൻ ബിരേൻ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു. തുടർന്നാണ് മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയത്. കുക്കി – മെയ്തി വിഭാ​ഗങ്ങൾ തമ്മിലുള്ള സംഘർഷമാണ് മണിപ്പൂരിൽ രണ്ടുവർഷത്തോളം നീണ്ട കലാപത്തിലേക്ക് നീങ്ങിയത്.

Related Posts