Homepage Featured Kerala News

ഒടുവില്‍ പാര്‍ട്ടി തീരുമാനത്തിനൊപ്പം വിഎസിന്റെ കുടുംബം; പത്മവിഭൂഷണ്‍ സ്വീകരിക്കില്ല

വിഎസ്.അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പത്മവിഭൂഷണ്‍ കുടുംബം സ്വീകരിക്കില്ല. സിപിഎമ്മിന്റെ നിലപാടിനൊപ്പം നില്‍ക്കാന്‍ വിഎസിന്റെ കുടുംബം തീരുമാനിച്ചു. മകന്‍ വി എ.അരുണ്‍ കുമാറാണ് ഇക്കാര്യം അറിയിച്ചത്.

പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ച സിപിഎം നേതാക്കള്‍ നേരത്തെ അത് നിഷേധിച്ചിട്ടുണ്ട്. അച്യുതാനന്ദനു മരണാനന്തര ബഹുമതിയായി ലഭിച്ചതുകൊണ്ട് കുടുംബം എന്ത് നിലപാട് സ്വീകരിക്കുന്നോ അതിനൊപ്പം നില്‍ക്കാനാണ് സിപിഎം തീരുമാനിച്ചത്. എന്നാല്‍ കുടുംബവുമായുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് മകന്‍ വി.എ.അരുണ്‍ കുമാര്‍ തന്നെ പത്മവിഭൂഷണ്‍ സ്വീകരിക്കില്ലെന്ന് അറിയിച്ചിരിക്കുന്നത്. അരുണ്‍ കുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പത്മവിഭൂഷണ്‍ സ്വീകരിക്കേണ്ടതില്ലെന്ന തീരുമാനം.

അരുണ്‍ കുമാറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതികളിലൊന്നായ ‘പത്മവിഭൂഷണ്‍’ അന്തരിച്ച എന്റെ പിതാവ് വിഎസ് അച്യുതാനന്ദന് നല്‍കാന്‍ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.

ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങള്‍ കാണിക്കുന്ന സ്നേഹവും ബഹുമാനവും എന്നും ഞങ്ങള്‍ക്ക് വലിയ കരുത്താണ്. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.

എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാര്‍ട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദര്‍ശങ്ങള്‍ക്കും പാര്‍ട്ടി നിലപാടുകള്‍ക്കും ഒപ്പമായിരിക്കും ഇക്കാര്യത്തില്‍ കുടുംബത്തിന്റെ തീരുമാനം.

വിഎസ്സിന് ജനഹൃദയങ്ങളില്‍ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ജനങ്ങള്‍ അദ്ദേഹത്തിന് നല്‍കുന്ന സ്നേഹവായ്പുകള്‍ക്ക് നന്ദി.

Related Posts