Homepage Featured Kerala News

വരുന്നൂ.. ശബരിപാത: 3,810 കോടി രൂപ ചെലവ്, സംസ്ഥാനത്തിനും കേന്ദ്രത്തിനും തുല്യ പങ്കാളിത്തം; മലയോര മേഖലയുടെ വികസനക്കുതിപ്പിന് വേ​ഗം കൂട്ടുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: 27 വർഷത്തിലേറെയായി മുടങ്ങിക്കിടന്ന ശബരിപാത എന്ന വികസന സ്വപ്നം യാഥാർത്ഥ്യമാകാൻ ഒരുങ്ങുന്നു. 3,810 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 1,905 കോടി രൂപ കേരളം നൽകും. ഫെബ്രുവരി 4 ന് പദ്ധതി ചെലവിന്റെ പകുതി തുക സംസ്ഥാനം വഹിക്കുമെന്ന തീരുമാനത്തിന് സംസ്ഥാന മന്ത്രിസഭ അം​ഗീകാരം നൽകി.

അങ്കമാലി മുതൽ എരുമേലി വരെ നീളുന്ന റെയിൽ പാതയാണ് ശബരി പാത. 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ റെയിൽ പാത എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ കിഴക്കൻ മലയോര മേഖലകളുടെ വികസനത്തിന് കളമൊരുക്കും. പദ്ധതിയിൽ അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, ഭരണങ്ങാനം, കാഞ്ഞിരപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലൂടെ എരുമേലിയുമായി ബന്ധിപ്പിക്കും. പദ്ധതിക്കായി 8 കിലോമീറ്റർ ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായിട്ടുണ്ട്. റെയിൽവേ ബജറ്റിൽ ആവശ്യമായ ഫണ്ട് അനുവദിക്കാത്തതിനാൽ മുടങ്ങിക്കിടക്കുകയായിരുന്നു പദ്ധതി.

ശബരിമലയിലേക്കുള്ള തീർത്ഥാടകർക്ക് ഏറെ സഹായകരമാകുന്ന പദ്ധതി മലയോര മേഖലയുടെ വികസനക്കുതിപ്പിന് വേ​ഗം കൂട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേന്ദ്ര പദ്ധതികൾ നടപ്പിലാക്കാൻ പദ്ധതിച്ചെലവിന്റെ ഒരു വിഹിതം സംസ്ഥാനം വഹിക്കണമെന്നത് കേന്ദ്രത്തിന്റെ നിർബന്ധ ബുദ്ധിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിയിൽ എരുമേലിയിൽ നിന്ന് പുനലൂർ വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts