മോസ്കോ: ഇന്ത്യ-യുഎസുമായി വ്യാപാര കരാറിലേക്ക് കടക്കുകയാണെന്ന വിവരം പുറത്തുവന്ന സാഹചര്യത്തിൽ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയിൽ അനിശ്ചിതത്വം തുടരുകയാണ്. ഇന്ത്യയ്ക്ക് ഏത് രാജ്യത്തുനിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്ന് വ്യക്തമാക്കി റഷ്യയുടെ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്കോവ് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം എണ്ണ വാങ്ങുന്നത് നിർത്തുന്നതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാൽ എണ്ണ നൽകുന്നത് തുടരുമെന്നും ദിമിത്രി പെഷ്കോവ് പറഞ്ഞു.
യുഎസിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുമെന്ന ട്രംപിന്റെ അവകാശവാദത്തിൽ പുതുമ ഇല്ലെന്ന് ദിമിത്രി പെഷ്കോവ് പറഞ്ഞു. റഷ്യയ്ക്ക് പകരം യുഎസിൽ നിന്ന് എണ്ണ വാങ്ങാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചതായി ട്രംപ് നേരത്തേ അവകാശവാദം ഉന്നയിച്ചിരുന്നു. ഇന്ത്യ എല്ലാ കാലത്തും മറ്റു രാജ്യങ്ങളിൽ നിന്ന് എണ്ണ വാങ്ങിയിരുന്നെന്നും ഇന്ത്യയ്ക്ക് പെട്രോളിയം ഉൽപ്പന്നങ്ങൾ നൽകുന്നത് മുമ്പും റഷ്യ മാത്രമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് ഇരു രാജ്യങ്ങൾക്കും ഗുണകരമാണെന്ന് റഷ്യയുടെ പ്രസ് സെക്രട്ടറി കൂട്ടിച്ചേർത്തു.
ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചിരുന്നു. ഇന്ത്യയുമായി മത്സരിക്കുന്ന മറ്റ് രാജ്യങ്ങൾക്ക് ലഭിക്കുന്നതിനേക്കാൾ ആനുകൂല്യങ്ങൾ യുഎസുമായുള്ള വ്യാപാരക്കരാറിൽ ഇന്ത്യയ്ക്ക് ഉണ്ടാകുമെന്ന് വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും പറഞ്ഞിരുന്നു. എന്നാൽ ഇരുരാജ്യങ്ങളും വ്യാപാര കരാറിന്റെ വിശദാംശങ്ങളിൽ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.
















