Homepage Featured Kerala News

പ്രധാന അധ്യാപികയെ തടഞ്ഞ സംഭവം; സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ട് മാനേജ്മെന്റ്

കൊല്ലം: ചുരിദാർ ധരിച്ചെത്തിയ പ്രധാന അധ്യാപികയെ തടഞ്ഞ സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാരനെതിരെ നടപടിയുമായി സ്കൂൾ മാനേജ്മെന്റ്. സെക്യൂരിറ്റി ജീവനക്കാരൻ ശശാങ്കനെ നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് മാനേജ്മെന്റ് പിരിച്ചുവിട്ടു. അതേസമയം മാനേജരുടെ നിർദ്ദേശമനുസരിച്ചാണ് സ്കൂൾ പ്രധാന അധ്യാപിക സിന്ധുവിനെ തടയുന്നതെന്ന് ശശാങ്കൻ പറഞ്ഞിരുന്നു. തന്നെ സ്കൂളിൽ പ്രവേശിപ്പിക്കുന്നത് വിലക്കുന്നതിനിടെ സിന്ധു ചിത്രീകരിച്ച വീഡിയോയിലാണ് മാനേജരുടെ നിർദ്ദേശമനുസരിച്ചാണ് തടയുന്നതെന്ന് ശശാങ്കൻ വിശദീകരിച്ചിരുന്നത്.

ഡ്യൂട്ടിക്കെത്തിയ പ്രധാന അധ്യാപിക സിന്ധുവിനെ ഇന്നലെ(ഫെബ്രുവരി 4) രാവിലെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റിൽ തടയുകയായിരുന്നു. കുത്തിയിരുന്ന് പ്രതിഷേധിച്ച സിന്ധുവിനെ പൊലീസ് എത്തിയ ശേഷമാണ് സ്കൂളിൽ പ്രവേശിപ്പിച്ചത്. സെക്യൂരിറ്റി ജീവനക്കാരൻ അധ്യാപികയെ തടയുന്നത് സിന്ധു വീഡിയോയിൽ പകർത്തുകയും ചെയ്തു. തുടർന്ന് അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്ന് വ്യക്തമാക്കി പൊലീസ് ശശാങ്കനെതിരെ കേസെടുത്തു.

പ്രധാന അധ്യാപിക സിന്ധുവിന്റെ പരാതിയിലാണ് കേസെടുത്തത്. സുരേഷ് കുമാർ എന്നയാളാണ് സ്കൂളിന്റെ മാനേജർ. സുരേഷ് കുമാർ അധികാര ദുർവിനിയോഗം നടത്തിയെന്ന് പ്രധാന അധ്യാപിക ആരോപിക്കുന്നു. അധ്യാപികമാർ സാരി തന്നെ ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് സംസ്ഥാന സർക്കാർ ഉത്തരവ് നിലനിൽക്കെയായിരുന്നു അധ്യാപികയെ തടഞ്ഞത്. സംഭവം ശ്രദ്ധയിൽ പെട്ടെന്നും അന്വേഷിച്ച് നടപടിയെടുക്കാൻ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയെന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു.

Related Posts