കാലിഫോര്‍ണിയ: എഐ വികസനത്തിന് പണമില്ല എന്ന കാരണത്താൽ 30000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ടെക് ഭീമൻ ഓറക്കിൾ. പ്രമുഖ അമേരിക്കന്‍ ടെക് ഭീമനായ ഓറക്കിൾ കൃത്രിമ ബുദ്ധി (എഐ) ഡാറ്റാ സെന്ററുകളുടെ വികസനത്തിന് പണം കണ്ടെത്തുന്നതിനായിട്ടാണ് 20,000 മുതൽ 30,000 വരെ ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നത്. 2026-ഓടെ ക്ലൗഡ് അടിസ്ഥാന സൗകര്യ വികസനത്തിനായി 45 മുതൽ 50 ബില്യൺ ഡോളർ വരെ സമാഹരിക്കാനാണ് ഓറക്കിളിന്റെ ലക്ഷ്യം.
ഓറക്കിൾ, ഓപ്പൺഎഐ സ്ഥാപകനായ സാം ആള്‍ട്ട്മാനുമായി ചേർന്ന് എഐ ഡാറ്റാ സെന്ററുകൾ നിർമ്മിക്കാൻ മുമ്പ് കരാറെടുത്തിരുന്നു. ഇതിന് ഏകദേശം 156 ബില്യൺ ഡോളറിന്റെ മൂല്യമുണ്ടെന്നാണ് ടി ഡി കോവന്റെ കണക്ക്. എന്നാൽ സമീപകാലത്ത് നിരവധി അമേരിക്കൻ ബാങ്കുകൾ ഓറക്കിളിന് വായ്പ നൽകുന്നതിൽ നിന്ന് പിന്മാറിയിരുന്നു. ധനസമാഹരണത്തിലെ ബുദ്ധിമുട്ടുകൾ കാരണം, സ്വകാര്യ ഓപ്പറേറ്റർമാരുമായി നടന്ന ഡാറ്റാ സെന്റർ ലീസ് ചർച്ചകളും തടസ്സപ്പെട്ടു. ഇതോടെ ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിൽ കമ്പനി പരാജയപ്പെട്ടതായി റിപ്പോർട്ട് പറയുന്നു.
ഇൻവെസ്റ്റ്മെന്റ് ബാങ്കായ ടി ഡി കോവൻ തയ്യാറാക്കിയ ഗവേഷണ റിപ്പോർട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് സിഐഒ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ ബാങ്കുകൾ ഓറക്കിളിന്റെ എഐ ഡാറ്റാ സെന്റർ വിപുലീകരണ പദ്ധതികളിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ചില ബിസിനസ് യൂണിറ്റുകൾ വിൽക്കാനും കമ്പനി ആലോചിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഇതിലൂടെ എട്ട് മുതൽ 10 ബില്യൺ ഡോളർ വരെ ഫ്രീ ക്യാഷ് ഫ്ലോ ഉണ്ടാക്കാനാകുമെന്നാണ് വിലയിരുത്തൽ.പിരിച്ചുവിടലുകൾക്ക് പുറമെ, 2022ൽ 28.3 ബില്യൺ ഡോളർ നൽകി ഏറ്റെടുത്ത സെർണർ (Cerner) എന്ന ഹെൽത്ത്കെയർ സോഫ്റ്റ്വെയർ യൂണിറ്റ് വിൽക്കുന്നതും ഓറക്കിൾ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
















