തിരുവനന്തപുരം: സ്വർണ്ണക്കൊള്ളയിലും ഫോട്ടോ വിവാദത്തിലും നിയമ സഭയിൽ ഇന്നും പോർവിളി. സ്വർണ്ണക്കൊള്ള ഉന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ശക്തമായ പ്രതിഷേധത്തിന് നേതൃത്വം നൽകിയപ്പോൾ, മന്ത്രിമാരായ എം ബി രാജേഷ്, പി രാജീവ്, വി ശിവൻകുട്ടി എന്നിവർ ഭരണപക്ഷത്തിന് വേണ്ടി തിരിച്ചടിച്ചു.
മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം സോണിയ ഗാന്ധി നിൽക്കുന്ന ഫോട്ടോ ഇന്നും ഭരണപക്ഷം ആയുധമാക്കി. സ്വർണ്ണം കട്ടവർക്ക് സോണിയ ഗാന്ധിയെ കാണാൻ അവസരം ഒരുക്കിയത് ആരാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് മന്ത്രി പി രാജീവ് ആവശ്യപ്പെട്ടു. എന്നാൽ, പോറ്റിക്കൊപ്പം മുഖ്യമന്ത്രി നിൽക്കുന്ന ഫോട്ടോ തങ്ങളുടെ പക്കലുണ്ടെന്നും അതിന്റെ പേരിൽ മുഖ്യമന്ത്രിയെ തങ്ങൾ അധിക്ഷേപിച്ചിട്ടില്ലെന്നും സതീശൻ തിരിച്ചടിച്ചു. ഡയസിൽ കയറി കസേര വലിച്ചെറിഞ്ഞ ചരിത്രമുള്ളവർ കൂടെയിരിക്കുമ്പോഴാണ് തങ്ങൾക്കെതിരെ ഇരട്ടത്താപ്പ് ആരോപിക്കുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മന്ത്രി ശിവൻകുട്ടിയെ ചൂണ്ടിയായിരുന്നു സതീശന്റെ പരാമർശം.
കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ വാച്ച് ആൻഡ് വാർഡിനെ പ്രതിപക്ഷം മർദ്ദിച്ചെന്ന ആരോപണം സതീശൻ നിഷേധിച്ചു. സോണിയ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ സഭാരേഖകളിൽ നിന്ന് മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ, ഡയസിൽ കയറി ഹൈജംപ് നടത്തുന്ന പ്രതിപക്ഷത്തിന് ആ കായിക ഇനത്തിൽ നല്ല ഭാവി ഉണ്ടെന്നായിരുന്നു മന്ത്രി എം ബി രാജേഷിന്റെ പരിഹാസം.
















