ഡൽഹി: നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് യുഎസിൽ നികുതി കുറച്ചെന്ന് ട്രംപ് പ്രഖ്യാപിച്ചു. കുറഞ്ഞ താരിഫ് ആയ 18% മാത്രമാകും ഇനി ഇന്ത്യയ്ക്കുമേൽ ചുമത്തുക. നവമാധ്യമ പോസ്റ്റിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ട്രംപിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു നരേന്ദ്രമോദിയുടെ പോസ്റ്റ്. യൂറോപ്യൻ യൂണിയനുപിന്നാലെ യുഎസുമായും സ്വതന്ത്ര വ്യാപാര കരാറിലേക്ക് നീങ്ങുകയാണോ മോദിയെന്ന് കരുതാവുന്ന പ്രതികരണമാണ് പോസ്റ്റിലുള്ളത്.
ഇന്ത്യയിലെ ഉത്പന്നങ്ങൾക്ക് താരിഫ് 18 ശതമാനമായി കുറച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ട്രംപിന് നന്ദി പറഞ്ഞു. ‘എന്റെ പ്രിയ സുഹൃത്ത് പ്രസിഡന്റ് ട്രംപുമായി ഇന്ന് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷം. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾക്ക് ഇപ്പോൾ 18% കുറഞ്ഞ താരിഫ് ഉണ്ടായതിൽ സന്തോഷമുണ്ട്. ഈ അത്ഭുതകരമായ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളുടെ പേരിൽ പ്രസിഡന്റ് ട്രംപിന് വലിയ നന്ദി.’-നരേന്ദ്രമോദി പറഞ്ഞു.
രണ്ട് വലിയ സമ്പദ്വ്യവസ്ഥകളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ, അത് ജനങ്ങൾക്ക് ഗുണം ചെയ്യുകയും വലിയ അവസരങ്ങൾ തുറക്കുകയും ചെയ്യുന്നുവെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
സമാധാനത്തിനായുള്ള ട്രംപിന്റെ ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നുവെന്നും ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും പ്രസിഡന്റ് ട്രംപിന്റെ നേതൃത്വം അത്യാവശ്യമാണെന്നും നരേന്ദ്രമോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തെ കൂടുതൽ വളർത്തുന്നതിന് ട്രംപിനോടൊപ്പം പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും മോദി വ്യക്തമാക്കി.
















