Homepage Featured Kerala Local News

വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി; നിലപാടുകൾ മറന്ന് ഒറ്റുകാരനേപ്പോലെ മുന്നോട്ട് വന്നെന്ന് എംവി ​ഗോവിന്ദൻ

കണ്ണൂർ: വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർക്കാൻ ജില്ലാ കമ്മിറ്റി അം​ഗം വി കുഞ്ഞികൃഷ്ണൻ ബൂർഷ്വാ മാധ്യമങ്ങളുമായി ചേർന്ന് പ്രവർത്തിച്ചെന്നാണ് എംവി ​ഗോവിന്ദന്റെ വിമർശനം. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂദനനെതിരെയും പാർട്ടി നേതൃത്വത്തിനെതിരെയും പരസ്യമായി രം​ഗത്തുവന്നതിനെത്തുടർന്ന് വി കുഞ്ഞികൃഷ്ണനെ സിപിഎം നേരത്തേ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. നിലപാടുകൾ മറന്ന് വി കുഞ്ഞികൃഷ്ണൻ ഒറ്റുകാരനേപ്പോലെ മുന്നോട്ട് വന്നെന്ന് എംവി ​ഗോവിന്ദൻ ആരോപിച്ചു.

പാർട്ടിക്കകത്ത് ചർച്ച ചെയ്തതും പരിഹരിച്ചതുമായ വിഷയങ്ങളെല്ലാം വീണ്ടും പറഞ്ഞ് പാർട്ടിക്കെതിരെ നിലപാടെടുക്കുകയായിരുന്നു കുഞ്ഞികൃഷ്ണനെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് അടുത്ത ഏറ്റവും പ്രധാനപ്പെട്ട ഘട്ടത്തിലാണ് പാർട്ടി ജില്ലാ കമ്മിറ്റി മെമ്പറായ വി കുഞ്ഞികൃഷ്ണൻ മാധ്യമങ്ങളെ ഉപയോ​ഗിച്ച് രം​ഗത്തേക്ക് വന്നതെന്ന് എംവി ​ഗോവിന്ദൻ കുറ്റപ്പെടുത്തി.

പാർട്ടിക്കെതിരെയുള്ള കടന്നാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച് ഇന്ത്യയിലെ എല്ലാ പിന്തിരിപ്പൻ ശക്തികൾക്കും വർ​ഗീയ ശക്തികൾക്കുമെതിരെ മുന്നോട്ട് പോകുമ്പോൾ വി കുഞ്ഞികൃഷ്ണനെ പോലൊരാൾ പാർട്ടിയുടെ ശത്രുപക്ഷത്ത് നിന്ന് രാഷ്ട്രീയ നിലപാടുകൾ മറന്ന് ഒറ്റുകാരനേപ്പോലെ മുന്നോട്ട് വന്നെന്നും എംവി ​ഗോവിന്ദൻ കുറ്റപ്പെടുത്തി. കുഞ്ഞികൃഷ്ണൻ എന്തോ മുൻകൈ നേടിയെന്ന ധാരണയിലാണ് മുന്നോട്ട് പോയതെന്നും കമ്മ്യൂണിസ്റ്റ് വിരുദ്ധതയോടൊപ്പം കൂടി പ്രവർത്തിച്ച എല്ലാ കോടാലിക്കൈകളും ചരിത്രത്തിന്റെ ചവറ്റുകൊട്ടയിലാണ് വലിച്ചെറിയപ്പെട്ടിട്ടുള്ളതെന്ന് മറക്കേണ്ടെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

ഫെബ്രുവരി 2 മുതൽ 15 വരെ നടക്കുന്ന ‘വികസന മുന്നേറ്റ ജാഥ’യുടെ ഭാ​ഗമായി പയ്യന്നൂരിൽ സംസാരിക്കുകയായിരുന്നു എംവി ​ഗോവിന്ദൻ. കൊല്ലപ്പെട്ട സിവി ധൻരാജിന്റെ ഭാര്യ സജിനിയും പയ്യന്നൂരിൽ നടന്ന വികസനമുന്നേറ്റ ജാഥയിൽ പങ്കെടുത്തിരുന്നു. ദേശീയപ്രസ്ഥാനത്തിന്റെ ഭാ​ഗമായി ബ്രിട്ടീഷുകാരെ ഇന്ത്യയിൽ നിന്ന് തുരത്തുമ്പോൾ ഭൂപ്രഭുത്വത്തെക്കൂടി കെട്ടുകെട്ടിക്കണം എന്ന കാഴ്ചപ്പാടോടെ പ്രവർത്തിച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. ‘ജന്മിത്വം അവസാനിപ്പിക്കണം, സാമ്രാജ്യത്വം തുലയട്ടെ, ഇൻക്വിലാബ് സിന്ദാബാദ്’- എന്നായിരുന്നു അന്നത്തെ മുദ്രാവാക്യമെന്ന് എംവി ​ഗോവിന്ദൻ ഓർമിപ്പിച്ചു. കരിവെള്ളൂരിലും പയ്യന്നൂരിലും കോറോത്തും നടന്ന ഐതിഹാസിക സമരങ്ങളെ ഓർമപ്പെടുത്തിയായിരുന്നു എംവി ​ഗോവിന്ദന്റെ പ്രസം​ഗം.

Related Posts