തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെടുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിഷേധം. പ്രതിഷേധത്തെത്തുടർന്ന് സഭ നിർത്തിവെച്ചു. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറിയതോടെയാണ് സഭാനടപടികൾ നിർത്തിവെച്ചത്.
ചോദ്യോത്തരവേള ബഹിഷ്കരിച്ച പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭയിൽ പ്രതിപക്ഷ എംഎൽഎമാർ വാച്ച് ആന്റ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. അൻവർ സാദത്ത് എംഎല്‍എ സ്പീക്കറുടെ ചേമ്പറില്‍ കയറി. സ്പീക്കര്‍ എഎൻ ഷംസീർ ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് പോയതോടെ സഭ നിർത്തിവെക്കുകയായിരുന്നു. സഭാ നടപടികളുമായി സഹകരിക്കുന്നില്ലെന്നും സഭയ്ക്ക് അകത്തും പുറത്തും സമരം കടുപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷത്തിന്റെ പ്രതിഷേധം ഹൈക്കോടതിക്ക് എതിരാണെന്ന് ഭരണപക്ഷം ആരോപിച്ചു. അതേസമയം ഡിസംബർ 5 മുതൽ 12 വരെ സ്വർണക്കൊള്ളയിൽ അന്വേഷണപുരോഗതി ഉണ്ടായില്ലെന്നും അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വൈകുന്നതിനാൽ പ്രതികൾക്ക് ജാമ്യം ലഭിക്കുന്ന സ്ഥിതിയാണെന്നുമുള്ള കോടതിയുടെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് ഇതിനെ പ്രതിരോധിച്ചു.
















