Homepage Featured Kerala Local News

ബേപ്പൂര്‍ കടമ്പ അന്‍വറിനു അത്ര എളുപ്പമല്ല; പിന്മാറാന്‍ ശ്രമിച്ചു, വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ്

കോഴിക്കോട്: ബേപ്പൂരില്‍ പിവി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാണെന്ന് ഉറപ്പായി. ബേപ്പൂരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അന്‍വര്‍ അനൗദ്യോഗിക തിരഞ്ഞെടുപ്പ് പ്രചരണം നടത്തുകയാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മന്ത്രി കൂടിയായ പിഎ മുഹമ്മദ് റിയാസ് ബേപ്പൂരില്‍ വീണ്ടും ജനവിധി തേടും. സംസ്ഥാനത്തെ ഗ്ലാമര്‍ പോരാട്ടങ്ങളിലൊന്നായിരിക്കും ബേപ്പൂരിലേത്.

അതേസമയം ബേപ്പൂര്‍ എല്‍ഡിഎഫിന്റെ ഉരുക്കുകോട്ടയാണ്. മണ്ഡലത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസിനു എംഎല്‍എ ഉണ്ടായിട്ടുള്ളത് രണ്ട് തവണ മാത്രം. 1977 മുതല്‍ 1980 വരെയും 1980 മുതല്‍ 1982 വരെയുമായി രണ്ട് ടേമുകളില്‍ എന്‍പി മൊയ്ദീന്‍ കോണ്‍ഗ്രസിനായി ബേപ്പൂര്‍ പിടിച്ചിട്ടുണ്ട്. പിന്നീടിങ്ങോട്ട് ഒരിക്കല്‍ പോലും ബേപ്പൂര്‍ ഇടതിനെ നിരാശപ്പെടുത്തിയിട്ടില്ല.

2011 ല്‍ ഇളമരം കരീം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായപ്പോള്‍ 5,316 വോട്ടുകള്‍ക്കു ജയിച്ചത് സമീപകാലത്തെ എല്‍ഡിഎഫിന്റെ ബേപ്പൂരിലെ ചെറിയ കണക്ക്. 2016 ല്‍ 14,363 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വി.കെ.സി മുഹമ്മദ് കോയ ജയിച്ചു.

2021 ല്‍ പി.എ.മുഹമ്മദ് റിയാസ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായപ്പോള്‍ വന്‍ മാര്‍ജിനിലായിരുന്നു ജയം. 28,747 വോട്ടുകള്‍ക്കു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ പി.എം നിയാസിനെ തോല്‍പ്പിച്ചു. മുഹമ്മദ് റിയാസിനു ഏതാണ്ട് 50 ശതമാനം വോട്ടുകള്‍ നേടാനായി (82,165 വോട്ടുകള്‍).

2026 ലേക്ക് എത്തുമ്പോള്‍ മുഹമ്മദ് റിയാസ് അല്ലാതെ എല്‍ഡിഎഫിനു മറ്റൊരു ആലോചനയും ബേപ്പൂരില്‍ ഇല്ല. പൊതുമരാമത്ത് മന്ത്രിയെന്ന നിലയിലും എംഎല്‍എ എന്ന നിലയിലും മികച്ച പ്രകടനമാണ് മുഹമ്മദ് റിയാസ് നടത്തിയത്. അതുകൊണ്ട് തന്നെ മികച്ച വിജയവും എല്‍ഡിഎഫ് പ്രതീക്ഷിക്കുന്നു.

മറുവശത്ത് ബേപ്പൂരിലെ കണക്കുകള്‍ പോസിറ്റീവ് അല്ലെന്നു മനസിലാക്കിയ അന്‍വര്‍ മണ്ഡലം മാറ്റിചോദിച്ചിരുന്നു. ബേപ്പൂരില്‍ മുഹമ്മദ് റിയാസിനെതിരെ മത്സരിക്കുമെന്ന് അന്‍വര്‍ നേരത്തെ വെല്ലുവിളി നടത്തിയിരുന്നെങ്കിലും ജയസാധ്യത കുറവെന്ന് കണ്ടാണ് മറ്റൊരു സീറ്റിനായി ശ്രമം നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസ് വിട്ടുവീഴ്ചയ്ക്കു തയ്യാറായില്ല. അന്‍വറിനു ബേപ്പൂര്‍ സീറ്റ് മാത്രമേ നല്‍കാന്‍ കഴിയൂ എന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് നേത്വത്തിന്. ഒടുവില്‍ അന്‍വര്‍ വഴങ്ങുകയായിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശാനുസരണമാണ് അന്‍വര്‍ ബേപ്പൂര്‍ കേന്ദ്രീകരിച്ച് അനൗദ്യോഗിക പ്രചാരണം ആരംഭിച്ചത്.

Related Posts