ചെന്നൈ: മലയാളത്തിൽ 150 ലേറെ ചിത്രങ്ങൾക്ക് ഈണം പകർന്ന സംഗീതസംവിധായകൻ എസ്‍പി വെങ്കിടേഷ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ചെന്നൈയിലെ വീട്ടിലായിരുന്നു അന്ത്യം. മലയാളത്തിന് പുറമേ തമിഴ്, കന്നട, ബംഗാളി, ഹിന്ദി സിനിമകളിലും നിരവധി ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്.
‘നിലാവേ മായുമോ’ എന്ന ‘മിന്നാര’ത്തിലെ ഗാനം, ‘മീന വേനലിൽ…’ എന്ന് തുടങ്ങുന്ന ‘കിലുക്കം’ എന്ന ചലച്ചിത്രത്തിലെ ഗാനം, ‘ശാന്തമീ രാത്രിയിൽ വാദ്യ ഘോഷാദികൾ കൊണ്ടു വാ’ എന്ന ജോണി വാക്കറിലെ ഗാനം, കറുക വയൽ കുരുവീ.. എന്ന ധ്രുവത്തിലെ ഗാനം തുടങ്ങി 150 ലേറെ മലയാള ചിത്രങ്ങളിലെ ഗാനങ്ങൾക്ക് ഈണം നൽകിയത് എസ്‍പി വെങ്കിടേഷ് ആയിരുന്നു. 1986-ൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിൻ്റെ മകൻ എന്ന സിനിമയ്ക്ക് പശ്ചാത്തല സംഗീതവും സംഗീതവും നൽകിക്കൊണ്ടാണ് മലയാള സിനിമയിൽ എസ്.പി വിയുടെ തുടക്കം. രാജാവിന്റെ മകനിലെ ‘വിണ്ണിലെ ഗന്ധർവ വീണകൾ പാടുന്ന..’ എന്ന ഗാനം ഇന്നും മലയാളികളുടെ നാവിൻ തുമ്പിലുണ്ട്. പൈതൃകം എന്ന സിനിമയിലെ അദ്ദേഹം സംഗീതം നൽകിയ ഗാനത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
1971-ൽ സംഗീത സംവിധായകനായ വിജയഭാസ്കറിനൊപ്പം സിനിമയിൽ ഗിറ്റാർ വായിച്ചാണ് തുടക്കം. 1975-ൽ കന്നട സിനിമയിൽ അസിസ്റ്റൻ്റ് മ്യൂസിക് ഡയറക്ടറായി. 1981-ൽ പ്രേമയുദ്ധ എന്ന തെലുങ്ക് ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. ഇന്ദ്രജാലം, പൈതൃകം, തുടർക്കഥ, വാത്സല്യം, ജോണിവാക്കർ, കിലുക്കം, ഹിറ്റ്ലർ, സോപാനം എന്നിങ്ങനെ നിരവധി സിനിമകളിൽ എസ്.പി.വി സൂപ്പർഹിറ്റ് ഗാനങ്ങൾ ഒരുക്കി. അപ്പു, മഹായാനം, ദേവാസുരം തുടങ്ങിയ ചിത്രങ്ങൾക്ക് നൽകിയ പശ്ചാത്തല സംഗീതം മലയാളത്തിൽ എസ്.പി.വിക്ക് പ്രശസ്തി നൽകി.
















