Homepage Featured Kerala Local News

ഇടുക്കിയിൽ പനി പടരുന്നു; ജാ​ഗ്രതാ നിർദേശവുമായി ആരോ​ഗ്യവകുപ്പ്

ഇടുക്കി: ഇടുക്കിയിൽ പനി പടരുന്നു. വൈറൽ പനി, ഡെങ്കിപ്പനി, എലിപ്പനി, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയവ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈറൽ പനിയാണ് കൂടുതലായും റിപ്പോർട്ട് ചെയ്തതെന്നാണ് ആരോ​ഗ്യവകുപ്പിൽ നിന്നുള്ള റിപ്പോർട്ട്. 5983 പേരാണ് ഇടുക്കിയിൽ ഒരുമാസത്തിനിടെ വൈറൽ പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്.

36 കുട്ടികൾക്ക് ജില്ലയിൽ ചിക്കൻ പോക്സ് സ്ഥിരീകരിച്ചു. ഇവർ മൂന്ന് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളാണ്. 11 പേർക്ക് മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവരിൽ ഏഴു പേർ പെരുവന്താനം പഞ്ചായത്തിൽ നിന്നാണ്. മുട്ടം, കല്ലാർവട്ടയാ‍ർ, തട്ടക്കുഴ, കാഞ്ചിയാർ,വണ്ടിപ്പെരിയാർ, കഞ്ഞിക്കുഴി എന്നിവിടങ്ങളിലായി പത്തു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 24 പേർക്കാണ് മലേറിയ പിടിപെട്ടത്. ഇവർ ദേവികുളം, വാത്തിക്കുടി എന്നിവിടങ്ങളിൽ ഉള്ളവരാണ്.

കാലാവസ്ഥാ വ്യതിയാനം ഉള്ളതിനാൽ രോ​ഗങ്ങൾ പടരാൻ സാധ്യതയുണ്ട്. ആദ്യ ഘട്ടത്തിൽ തന്നെ രോ​ഗനിർണയം നടത്താൻ സാധിച്ചാൽ ചികിത്സ എളുപ്പമാകുകയും രോ​ഗം പടരുന്നത് തടയാൻ സാധിക്കുകയും ചെയ്യും. രോഗലക്ഷണം ശ്രദ്ധയിൽപെട്ടാൽ എത്രയും വേ​ഗം ആശുപത്രിയിലെത്തി ഡോക്ടർമാരുടെ സഹായം സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

Related Posts