Homepage Featured Kerala Local News

കാസര്‍കോട് മഞ്ചേശ്വരത്ത് മകളെ വെട്ടിക്കൊന്ന സംഭവം; തര്‍ക്കത്തിനിടെ പരുക്കേറ്റ ബന്ധുവും മരിച്ചു

കാസര്‍കോട്: കാസര്‍കോട് മഞ്ചേശ്വരത്ത് മകളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനിടെ പരുക്കേറ്റ ബന്ധുവും മരിച്ചു. വെട്ടേറ്റ് മരിച്ച ജുമൈല എന്ന പെണ്‍കുട്ടിയുടെ ബന്ധുവായ മഞ്ചേശ്വരം ഷേക്ക് അബ്ബ (55) ആണ് മരിച്ചത്. പെണ്‍കുട്ടിയുടെ മാതാവിന്‍റെ സഹോദരി ഭര്‍ത്താവാണ് ഷേക്ക് അബ്ബ. കാലിൽ ​ഗുരുതരമായി പരുക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാൾ ഇന്ന് രാവിലെയാണ് മരിച്ചത്.

ഇന്നലെ രാത്രി ഉമ്മര്‍ ഫറൂഖ് എന്നയാൾ തര്‍ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈല എന്ന ഉമ്മർ ഫാറൂഖിന്റെ മകൾക്കും വെട്ടേറ്റത്. ഉമ്മർ ഫാറൂഖിന്റെ മകൾ ഇന്നലെത്തന്നെ മരിച്ചിരുന്നു. സംഭവത്തിൽ ഉമര്‍ ഫറൂഖിനെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉമ്മർ ഫാറൂഖിന്റെ ഭാര്യ താഹിറയുടെ സഹോദരിയുടെ വീട്ടിലെത്തിയായിരുന്നു കൊലപാതകം നടത്തിയത്. താഹിറയുടെ സഹോദരിയുടെ ഭർത്താവാണ് മരിച്ച ഷേക്ക് അബ്ബ. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മറിയം ജുമൈലയുടെ മൃതദേഹം ഇന്ന് ബന്ധുക്കൾക്ക് വിട്ടുനൽകും.

വിദേശത്തായിരുന്ന പ്രതി ഉമര്‍ ഫറൂഖ് മൂന്ന് മാസം മുന്‍പാണ് നാട്ടിലെത്തിയത്. സ്ഥിരമായി ലഹരി ഉപയോഗിച്ച് ഇയാള്‍ ഭാര്യയുമായി വഴക്കിട്ടിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. വഴക്ക് പതിവായതോടെ ഉമറിനെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടിരുന്നു. ഭാര്യ താഹിറയെയും ഭാര്യാസഹോദരിയെയും ഇയാൾ കഴിഞ്ഞ ദിവസം ആക്രമിച്ചിരുന്നു. കൊലപാതകത്തിന് പുറമേ താഹിറയെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമവും അതിക്രമിച്ചു കടക്കൽ വകുപ്പുകളും മഞ്ചേശ്വരം പൊലീസ് ചുമത്തിയിട്ടുണ്ട്.

Related Posts