തിരുവനന്തപുരം: ക്രിമിനലുകൾക്ക് അനാവശ്യ പരോൾ അനുവദിക്കുന്നുവെന്ന് ആരോപിച്ച് നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധം. ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾ അടക്കമുള്ളവർക്ക് തുടർച്ചയായി പരോൾ അനുവദിച്ചെന്ന് വിഡി സതീശൻ പറഞ്ഞു. സിപിഎം ഇടപെട്ട് കുറ്റവാളികൾക്ക് വാരിക്കോരി പരോൾ നൽകുന്നുവെന്നും സിപിഎമ്മിന് പ്രതികളെ പേടിയാണെന്നും വിഡി സതീശൻ ആരോപിച്ചു. പ്രതിഷേധത്തിന് പിന്നാലെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. സംസ്ഥാന ബജറ്റിന്മേലുള്ള ചർച്ച ഇന്ന് നിയമസഭയിൽ തുടങ്ങാനിരിക്കെയാണ് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചത്.
പോലീസുകാരിയെ ആക്രമിച്ച കേസിൽ 20 വർഷം തടവിന് ശിക്ഷിച്ച പ്രതികൾ വരെ ഒരു മാസം കഴിഞ്ഞയുടനെ പരോളിൽ ഇറങ്ങുന്നുവെന്ന് ആർഎംപി നേതാവും എംഎൽഎയുമായ കെകെ രമ പ്രതികരിച്ചു. ടിപി വധക്കേസിലെ പ്രതികൾക്ക് കുടുംബത്തോടൊപ്പം ചെലവഴിക്കാനെന്ന പേരിലാണ് പരോൾ അനുവദിക്കുന്നതെന്ന് കെകെ രമ പറഞ്ഞു. ഇത്തരത്തിൽ പരോൾ നൽകാൻ നിയമപരമായി കഴിയുമോ എന്ന് എംഎൽഎ ചോദിച്ചു.
ശബരിമല സ്വർണക്കൊള്ളയിലും നിയമസഭാ കവാടത്തിൽ പ്രതിപക്ഷ സമരം നടന്നു. എൽഎമാരായ ഐസി ബാലകൃഷ്ണനും എകെഎം അഷറഫും സത്യാഗ്രഹം തുടരുകയാണ്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട എസ്ഐടിയുടെ കേസ് അന്വേഷണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നെന്ന് പ്രതിപക്ഷം ആരോപിച്ചു.
മൂന്ന് ലൈംഗിക അതിക്രമ കേസുകളിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണം എന്ന ഡികെ മുരളിയുടെ പരാതി ഇന്ന് ചേരുന്ന പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റി പരിഗണിക്കാനും തീരുമാനമുണ്ടായിരുന്നു. ഡികെ മുരളിയുടെയും രാഹുലിന്റെയും വാദങ്ങൾ കേട്ട ശേഷമാകണം കമ്മിറ്റി തീരുമാനത്തിൽ എത്തേണ്ടത്. എന്നാൽ പ്രതിപക്ഷം സഭ ബഹിഷ്കരിച്ച സാഹചര്യത്തിൽ പ്രിവിലേജ് ആൻഡ് എത്തിക്സ് കമ്മിറ്റിക്ക് വിഷയം പരിഗണിക്കാനാകില്ല.
















