ബാംഗ്ലൂർ: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. സി ജെ റോയിയുടെ ഡയറിയിലെ 9 പേജുള്ള കുറിപ്പിലാണ് നിർണായക വിവരങ്ങളുള്ളത്. ജനുവരി 31ന് എഴുതിയ കുറിപ്പിൽ ബിസിനസ്സിൽ അപ്രതീക്ഷിത തിരിച്ചടി ഉണ്ടായെന്നത് അടക്കമുള്ള വിവരങ്ങളുണ്ടെന്ന് മാധ്യമ റിപ്പോർട്ടുകളുണ്ട്.
ജനുവരി 31ന് സഹോദരനെ വിളിച്ചിരുന്നു. ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ശേഷമാണ് സഹോദരൻ സി ജെ ബാബുവിനെ വിളിച്ചത് എന്നാണ് സൂചന. ആദായനികുതി വകുപ്പിന്റെ ഇടപെടലിൽ റോയ് സമ്മർദ്ദത്തിലായിരുന്നു. പ്രാഥമിക വിവരശേഖരണത്തിലാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം സി ജെ റോയിയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു.
ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിടണമെന്നും അന്വേഷണ കമ്മീഷന്റെ അധ്യക്ഷനായി ഭരണഘടനാ കോടതിയിലെ ജഡ്ജിയായി പ്രവർത്തിച്ച ഒരാളെ നിശ്ചയിക്കണമെന്നും ധനമന്ത്രി നിർമലാ സീതാരാമന് അയച്ച കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റെയ്ഡ് നടക്കുമ്പോൾ രണ്ട് സാക്ഷികൾ വേണമെന്ന പ്രോട്ടോക്കോൾ ലംഘിക്കപ്പെട്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
















