മുംബൈ: ടി-20 ലോകകപ്പിന് മുമ്പ് ഫോമിലെത്താൻ സഞ്ജുവിന് ഒരവസരം കൂടി. ബുധനാഴ്ച മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിലാണ് താരത്തിന് ഓപ്പണറായി ഇറങ്ങാൻ അവസരമൊരുങ്ങുന്നത്. ഇന്ത്യ ന്യൂസിലൻഡ് ടി-20 പരമ്പരയിലെ 5 മത്സരങ്ങളിൽ നിന്ന് ആകെ 46 റൺസ് മാത്രമാണ് താരത്തിന് നേടാനായത്. 24 റണ്‍സാണ് പരമ്പരയിലെ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്കോര്‍. അതിനാൽ ടി-20 ലോകകപ്പിലേക്ക് പരിഗണിക്കപ്പെടില്ലെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. ഇതിനിടെയാണ് സഞ്ജുവിന് ഒരവസരം കൂടി ലഭിക്കുമെന്ന് വാർത്തകൾ പുറത്തുവരുന്നത്.
ഐസിസി നിയമപ്രകാരം അന്താരാഷ്ട്ര പദവിയില്ലാത്തതിനാൽ സന്നാഹ മത്സരങ്ങളിലെ റണ്ണുകളോ റെക്കോര്‍ഡുകളോ കണക്കിലെടുക്കാറില്ല. അതുകൊണ്ട് തന്നെ സഞ്ജുവിനെ ഒരിക്കല്‍ കൂടി ഓപ്പണറായി പരീക്ഷിക്കുന്നതിൽ ഇന്ത്യയ്ക്ക് തടസ്സമില്ല. ഇഷാന് കിഷന് ന്യൂസിലൻഡിനെതിരായ ടി-20 പരമ്പരയിൽ തന്നെ ഫോമിലാണ്. നാല് ഇന്നിംഗ്സുകളിൽ നിന്നായി 231.18 എന്ന സ്ട്രൈക്ക് റേറ്റിൽ 215 റൺസാണ് ഇഷാൻ നേടിയത്. തിരുവനന്തപുരത്ത് നടന്ന അഞ്ചാം ടി-20യിൽ വെറും 42 പന്തിൽ സെഞ്ച്വറി തികച്ച പ്രകടനത്തിലൂടെ ലോകകപ്പിനുള്ള തന്റെ ടിക്കറ്റ് ഉറപ്പിക്കുക കൂടിയായിരുന്നു ഇഷാൻ കിഷൻ ചെയ്തത്. സഞ്ജുവിനെ കൂടി ഫോമിലെത്തിക്കാനായാൽ അത് ടീമിന് നേട്ടമാകും. ഫെബ്രുവരി 7ന് അമേരിക്കയ്ക്കെതിരെ സഞ്ജു പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകുമോയെന്നത് തീരുമാനിക്കാൻ സന്നാഹ മത്സരത്തിലെ പെർഫോമൻസ് കൂടി പരിഗണിക്കപ്പെടും എന്നാണ് കരുതുന്നത്.
















