പൊന്നാനി: കേരളത്തിന് ഹൈസ്പീഡ് റെയിൽപാതയ്ക്കായി സ്വന്തം നിലയ്ക്ക് ഓഫിസ് തുറക്കാൻ തീരുമാനവുമായി മെട്രോമാൻ ഇ ശ്രീധരൻ. മലപ്പുറം പൊന്നാനിയിൽ ഇന്ന് രാവിലെ 9 മണിക്കാണ് ഓഫിസ് തുറക്കുക. കഴിഞ്ഞ ദിവസത്തെ കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ച 7 അതിവേഗ റെയിൽ ഇടനാഴികളിൽ ഒന്നുപോലും കേരളത്തിലേക്ക് ഇല്ലെന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ കേരളത്തിന് അതിവേഗപാത ലഭിക്കുമെന്നും ബജറ്റിന് പുറത്ത് പദ്ധതി പ്രഖ്യാപനമുണ്ടാകുമെന്നും ഉള്ള പ്രതീക്ഷയിലാണ് മെട്രോമാൻ ഇ ശ്രീധരൻ.
മലപ്പുറത്തും റെയിൽ പാത കടന്നുപോകുന്ന മറ്റു ജില്ലകളിലും വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കാൻ ഇ ശ്രീധരൻ തീരുമാനിച്ചിട്ടുണ്ട്. ഫെബ്രുവരി 15 മുതൽ പദ്ധതിയുടെ വിശദാംശങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ യോഗങ്ങൾ ആരംഭിക്കും. ജനുവരി 16-ന് കേന്ദ്ര റെയിൽവേ മന്ത്രിയുമായി മെട്രോമാൻ ചർച്ച നടത്തിയിരുന്നു. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കാൻ മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് ഇശ്രീധരൻ പറയുന്നു. ഇതിനായുള്ള ഔദ്യോഗിക ഉത്തരവ് 3-4 ദിവസത്തിനുള്ളിൽ ഡിഎംആർസിക്ക് ലഭിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.
അതേസമയം കെ-റെയിൽ വേണ്ടെന്ന് വെച്ചതായുള്ള സംസ്ഥാനത്തിന്റെ ഔദ്യോഗിക അറിയിപ്പ് ഇതുവരെ കേന്ദ്രത്തിന് ലഭിച്ചിട്ടില്ലെന്ന് ഇ ശ്രീധരൻ പറഞ്ഞു. ആർആർടിഎസ് മാതൃകയിൽ പദ്ധതി നടപ്പിലാകില്ലെന്നും സർക്കാരിന്റേത് തെരഞ്ഞെടുപ്പ് സ്റ്റണ്ട് ആണെന്നും ഇ ശ്രീധരൻ പറയുന്നു.
















