തിരുവനന്തപുരം: കേരളത്തിലെ പ്രധാന നഗരങ്ങളിൽ വായുനിലവാര സൂചിക (AQI) കുത്തനെ ഉയരുന്നത് ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിക്കുന്നു. 2026 ജനുവരിയിലെ കണക്കുകൾ പ്രകാരം തെക്കൻ കേരളത്തിലെ നഗരങ്ങളിലും തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലും വായു മലിനീകരണത്തിൽ 50 ശതമാനത്തോളം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (CPCB) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2026 ജനുവരി 31-ന് കൊല്ലത്തെ വായുനിലവാര സൂചിക 200 എന്ന പരിധിയിലെത്തി. അന്തരീക്ഷത്തിലെ ഏറോസോളുകളും (Aerosols) മറ്റ് സൂക്ഷ്മ മലിനീകരണ വസ്തുക്കളുമാണ് കൊല്ലത്തെ വായുനിലവാരം ഇത്രത്തോളം വഷളാക്കിയത്.
കൊച്ചിയിലെ അന്തരീക്ഷത്തിൽ ഏറ്റവും മാരകമായ PM 2.5-ന്റെ സാന്നിധ്യം അനുവദനീയമായ അളവിനേക്കാൾ വളരെ കൂടുതലാണ്. വ്യവസായ ശാലകളിൽ നിന്നുള്ള പുക, അവസാനിക്കാത്ത റോഡ് പണികൾ, മെട്രോ രണ്ടാം ഘട്ട നിർമ്മാണം എന്നിവ കൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും വായുവിനെ വിഷലിപ്തമാക്കുന്നത്.
അന്തരീക്ഷത്തിന്റെ താഴെത്തട്ടിൽ തങ്ങിനിൽക്കുന്നതും (Trapping), ഉയർന്ന ആർദ്രതയും (Humidity), മേഘാവൃതമായ അന്തരീക്ഷവും കാരണം അർദ്ധരാത്രിക്ക് ശേഷം മലിനീകരണത്തിന്റെ തോത് കുത്തനെ കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഖനനവും കാലാവസ്ഥാ വ്യതിയാനവും
കോഴിക്കോട് ജില്ലയുടെ പ്രാന്തപ്രദേശങ്ങളിൽ നടക്കുന്ന വ്യാപകമായ ഖനന പ്രവർത്തനങ്ങൾ വടക്കൻ കേരളത്തിലെ വായുനിലവാരത്തെ ദോഷകരമായി ബാധിക്കുന്നു. വ്യവസായ ശാലകളിൽ നിന്നുള്ള പുകയുൾപ്പെടെയുള്ളവ കാറ്റിലൂടെ നൂറുകണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുന്നത് അയൽ നഗരങ്ങളെയും ഭീതിയിലാഴ്ത്തുന്നുണ്ട്. നിലവിലെ അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളും മലിനീകരണം രൂക്ഷമാകുന്നതിന് പ്രധാന കാരണമായി ശാസ്ത്ര ഗവേഷകനായ ഡോ. എ രാജഗോപാൽ കമ്മത്ത് ചൂണ്ടിക്കാട്ടുന്നു.
അന്തരീക്ഷ മലിനീകരണം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കും ഹൃദ്രോഗങ്ങൾക്കും കാരണമാകുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
















