തിരുവനന്തപുരം: രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണിയെ പ്രാധാന്യമില്ലാത്ത വിഷയമെന്ന് സ്പീക്കർ എ എൻ ഷംസീർ. നിയമസഭയിൽ കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫാണ് വിഷയം ഉന്നയിച്ചത്. നിഷയത്തിൽ അടിയന്തര പ്രമേയത്തിന് അനുമതിയില്ലെന്നും വേണമെങ്കിൽ സബ്മിഷനായി അവതരിപ്പിക്കാമെന്നും സ്പീക്കർ പറഞ്ഞതോടെയാണ് സഭയിൽ പ്രതിഷേധമുയർന്നത്. പിന്നാലെ ബഹളത്തെ തുടർന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു.
സ്പീക്കറുടെ പ്രതികരണത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കനത്ത പ്രതിഷേധം അറിയിച്ചിട്ടും ഫ്ലോറിൽ ഉന്നയിക്കാൻ മാത്രം പ്രാധാന്യമില്ലെന്ന് സ്പീക്കർ ആവർത്തിച്ചു പറയുകയായിരുന്നു. ടിവി ചർച്ചയിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അത് എങ്ങനെ ചർച്ച ചെയ്യുമെന്നും അദ്ദേഹം ചോദിച്ചു. തുടർന്ന് സഭയിലും പുറത്തും സ്പീക്കർ നീതി പാലിക്കുക എന്ന ബാനറുമായി പ്രതിപക്ഷ നേതാക്കൾ പ്രതിഷേധം ആരംഭിച്ചു.
സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെയാണ് ബിജെപി നേതാവായ പ്രിന്റു മഹാദേവ് രാഹുൽ ഗാന്ധിയുടെ നെഞ്ചിലേക്ക് വെടിയുണ്ട പായിക്കും എന്ന് വധഭീഷണി മുഴക്കിയത്. ഇത്രയും ഗൗരവമേറിയ ഒരു വിഷയമായിട്ടും നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറായില്ലെന്നും ഇത് ബിജെപി -സിപിഎം കൂട്ടുക്കെട്ടിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും വിഡി സതീശൻ കുറ്റപ്പെടുത്തി. കേന്ദ്ര ഏജന്‍സികളെയും ബിജെപിയെയും ഭയന്നാണ് മുഖ്യമന്ത്രി ജീവിക്കുന്നത് അതിനാലാണ് പ്രിന്റുവിനെതിരെ നടപടി സ്വീകരിക്കാൻ മടിക്കുന്നത്. ജീവൻ നൽകിയും രാഹുൽ ഗാന്ധിയെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
















