Homepage Featured India News

കരൂർ ദുരന്തം: ടിവികെയുടെ പ്രാദേശിക നേതാവും ഓൺലൈൻ മാധ്യമപ്രവർത്തകനും അറസ്റ്റിൽ

ചെന്നൈ: തമിഴ്നാട്ടിലെ കരൂർ ജില്ലയിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിയെ തുടർന്നുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിലായിരുന്ന ടിവികെയുടെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ ചുമത്തിയാണ് കേസ് ര‍ജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു ടിവികെ പ്രാദേശിക നേതാവ് കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പരിപാടിക്ക് അനുമതി തേടി നൽകിയ അപേക്ഷയിൽ ഒപ്പിട്ട ഒരാൾ കൂടിയായ പൗൻ രാജ് ആണ് കസ്‌റ്റഡിയിൽ ഉളളത്. അതോടൊപ്പം ഓൺലൈൻ മാധ്യമപ്രവർത്തകനായ ഫെലിക്സ് ജെറാൾഡ് എന്നയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

അതേസമയം കരൂരിലെ ദുരന്തഭൂമി സന്ദർശിക്കാൻ വിജയ് ഹൈക്കോടതിയിൽ അനുമതി തേടി ഹർജി നൽകിയിരുന്നു. ജില്ലാ ഭരണകൂടവും പൊലീസും സന്ദർശനത്തിന് തടസ്സം നിൽക്കരുതെന്ന് ആവശ്യപ്പെട്ട് ടിവികെ ജനറൽ സെക്രട്ടറി ആധവ് അർജുനാണ് വിജയ്ക്ക് വേണ്ടി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ‌ദുരന്തത്തിന് പിന്നിൽ ക്രിമിനൽ ​ഗൂഢാലോചനയുണ്ടെന്നാണ് ടിവികെയുടെ വാദം. എന്നാൽ സെന്തിൽ ബാലാജിയുടെ സമ്മർദം കാരണം കരൂറിലെ പരിപാടിക്ക് സുരക്ഷയൊരുക്കിയില്ല എന്നാരോപിച്ച് ടിവികെയുടെ പ്രാദേശിക നേതാവ് അയ്യപ്പൻ ‍ജീവനൊടുക്കി. പിന്നാലെ അയ്യപ്പന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കരൂർ റാലിയിൽ തിക്കിലും തിരക്കിലുപ്പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ദുരന്തത്തിൽ പൊലീസിന്റെയും സംഘാടകരുടെയും വീഴ്ചകൾ അക്കമിട്ടാണ് ഇന്റലിജന്റ്സ് റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഡിജിപി ഉത്തരവിനെ തുടർന്ന് കേസിൽ അന്വേഷണം പ്രത്യേക സംഘത്തിന് കൈമാറി. നിലവിൽ എഡിഎസ്പി പ്രേമാനന്ദന് ആണ് അന്വേഷണ ചുമതലയുള്ളത്. അതിനിടെ, കേന്ദ്ര മന്ത്രിമാരായ നിർമല സീതാരാമനും എൽ മുരുകനും ദുരന്തമുണ്ടായ സ്ഥലത്ത് എത്തുകയും പരിക്കേറ്റവരെ സന്ദർശിക്കുകയും ചെയ്തു. എന്നാൽ ിരുവരും മാധ്യമഹ്ങളോട് പ്രതികരിക്കാൻ തയ്യാറായില്ല.

Related Posts