കാബൂൾ: അഫ്‍ഗാനിസ്ഥാനിൽ സമ്പൂർണ ഇൻറർനെറ്റ് നിരോധനം ഏർപ്പെടുത്തി താലിബാൻ ഭരണകൂടം. 2021 ൽ അഫ്ഗാൻ ഭരണം താലിബാൻ പിടിച്ചെടുത്തതിന് ശേഷമ ആദ്യമായാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെടുന്നത്. ഇന്റർനെറ്റ് ശരിയ നിയമ പ്രകാരം അധാർമികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് തിങ്കളാഴ്ച വൈകുന്നേരത്തോടെ നിരോധനം ഏർപ്പെടുത്തിയത്. താലിബാൻ നേതാവ് ഹിബത്തുള്ള അഖുന്ദ്സാദയാണ് നിരോധന ഉത്തരവിറക്കിയത്.
ഇന്റർനെറ്റ് സേവനങ്ങൾ തടസപ്പെട്ടതോടെ കാബൂളിൽ വിമാന സർവീസുകളുടെ പ്രവർത്തനങ്ങളും താറുമാറായി. താലിബാന്റെ ഈ നടപടി ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ടെലിഫോൺ സേവനങ്ങൾ അധികവും ഇന്റർനെറ്റ് വഴിയാണ് ലഭ്യമായിരുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി അഫ്ഗാനിലെ ഇന്റർനെറ്റ് സേവനങ്ങളുടെ വേഗത കുറഞ്ഞിരുന്നു. ചിലയിടങ്ങൾ പ്രവർത്തനം നിലയ്ക്കുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു. ഇന്റർനെറ്റ് നിരോധനത്തിന് ശേഷം ആശയവിനിമയത്തിനുള്ള ബദൽ മാർഗം എന്താണെന്നോ നിരോധനം എത്രനാൾ നീണ്ടുനിൽക്കുമെന്നോ താലിബാൻ ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
















