ലണ്ടൻ: ലണ്ടനിലെ ടവിസ്റ്റോക് സ്ക്വയറിൽ സ്ഥാപിച്ച മഹാത്മാ ഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ആക്രമണം. ഗാന്ധി ജയന്തിക്ക് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കുന്ന സാഹചര്യത്തിലാണ് ഗാന്ധിജിയുടെ വെങ്കല പ്രതിമയ്ക്ക് നേരെ ഇന്ത്യ വിരുദ്ധ വാക്കുകൾ എഴുതിയും പ്രതിമയിൽ പെയിന്റെടിച്ചും വികൃതമാക്കിയത്. ആക്രമണത്തിൽ പ്രമയ്ക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിഷയത്തിൽ ബ്രിട്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അപലപിച്ചുകൊണ്ട് രംഗത്തെത്തി. അഹിംസയുടെ പാരമ്പര്യത്തിന് നേരെയുള്ള ആക്രമണമാണിതെന്നും ഹൈക്കമ്മീഷൻ പ്രതികരിച്ചു.
സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും പ്രതിമ പൂർവസ്ഥിതിയിലാക്കാനുള്ള ശ്രമത്തിലാണെന്നും മെട്രോപൊളിറ്റൻ പൊലീസും കാംഡൻ കൗൺസിൽ അധികൃതരും അറിയിച്ചു. ലണ്ടനിൽ ഗാന്ധി ജയന്തി അന്താരാഷ്ട്ര അഹിംസ ദിനമായാണ് ഐക്യരാഷ്ട്ര സഭ ആചരിക്കുന്നത്. അന്നേ ദിവസം ലണ്ടനിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ ഗാന്ധിജി ആലപിച്ചിരുന്ന ഭജന ആലപിക്കുകയും പുഷ്‌പവൃഷ്ടി നടത്തുകയും ചെയ്യാറുണ്ട്.
1968ൽ ശിൽപിയായ ഫ്രഡ് ബ്രില്യന്റ് വെങ്കലത്തിൽ രൂപപ്പെടുത്തിയ ഗാന്ധിജിയുടെ പ്രതിമ, അദ്ദേഹം നിയമം പഠിച്ച ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിന്റെ ഓർമ്മയ്ക്കായി സ്ഥാപിക്കപ്പെട്ടു. തുടർന്ന് സമാധാനത്തിന്റെ പ്രതീകങ്ങൾക്കും ഇവിടെ സ്ഥാനം നൽകി. ഹിരോഷിമ–നാഗസാക്കി ആണവാക്രമണങ്ങളെ ഓർമ്മിപ്പിക്കാൻ ഒരു ചെറി തൈയും നട്ടിരുന്നു. 1986ലെ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര സമാധാന വർഷത്തിന്റെ സ്മരണയ്ക്കായി ഫീൽഡ് മേപ്പിൾ തൈയും നട്ടു. സമാധാന സന്ദേശങ്ങൾ നിറഞ്ഞ ഈ ഇടം പിന്നീട് “പീസ് പാർക്ക്” എന്ന പേരിലും അറിയപ്പെടാൻ തുടങ്ങി.
















