കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ പ്രഖ്യാപിക്കാത്തതിൽ പാർട്ടിയിൽ അമർഷം രൂക്ഷമാകവേ ഗ്രൂപ്പിസത്തിൽ കുടുങ്ങി വാട്സ് ആപ്പ് ഗ്രൂപ്പും. സംസ്ഥാന അധ്യക്ഷ പ്രഖ്യാപനത്തിൽ കാലതാമസം വന്നതോടെയാണ് ചില നേതാക്കൾ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാൽ പ്രതികരണം സംഘടനയുടെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ വന്നു തുടങ്ങിയതോടെ കഴിഞ്ഞ ഒരു മാസക്കാലമായി ഇത് അഡ്മിൻ ഒൺലിയാക്കി. പ്രതിഷേധങ്ങൾക്കുമേൽ ഇപ്പോഴും യൂത്ത് കോൺഗ്രസ് മൗനം തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക ആരോപണം വന്ന ഘട്ടത്തിലാണ് വാട്സ് ആപ്പ് ഗ്രൂപ്പിലും നേതൃത്വം നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. ചില വനിതാ നേതാക്കൾ പുറത്തുവിട്ട ശബ്ദ സന്ദേശങ്ങളും പ്രതിഷേധങ്ങളും മാധ്യമങ്ങളിലേക്ക് ചോർന്നതോടെ സംഘടനാ നേതൃത്വം വെട്ടിലായിരുന്നു.
ആദർശത്തിന്റെ പേരിൽ രാഹുൽ മാങ്കൂട്ടത്തിൽ രാജി വച്ചൊഴിഞ്ഞിട്ട് ഒരുമാസം പിന്നിട്ടിട്ടും അടുത്ത അധ്യക്ഷനെ പ്രഖ്യാപിക്കുന്നതിൽ സംഘടനയ്ക്ക് തീരുമാനത്തിലെത്താൻ കഴിഞ്ഞിട്ടില്ല. യൂത്ത് കോൺഗ്രസ് അധ്യക്ഷാനായി തിരഞ്ഞെടുപ്പിൽ വോട്ടിങ്ങിലൂടെ രണ്ടാമതെത്തിയ അബിൻ വർക്കിയെ പരിഗണിക്കണമെന്നാണ് 90 ശതമാനം യൂത്ത് കോൺഗ്രസ് ഭാരവാഹികളുടേയും ആവശ്യം. എന്നാൽ ചില നേതാക്കളുടെ ഗ്രൂപ്പിസവും ജാതി കാർഡ് ഇറക്കിയുള്ള നീക്കങ്ങളും കാരണമാണ് പ്രതിപക്ഷ യുവജന സംഘടനയ്ക്ക് നാഥനെ തിരഞ്ഞെടുക്കാൻ കഴിയാത്തതെന്നാണ് ആക്ഷേപം ഉയരുന്നത്. അബിന്‍ വര്‍ക്കിയെ പിന്തുണച്ച് സംസ്ഥാന സെക്രട്ടറിമാരായ ടി.എം മനേഷ്, ഷഹനാസ് സലാം, എ. പി സുബ്രമണ്യന്‍ എന്നിവര്‍ രംഗത്തെത്തി. തീരുമാനം വൈകുന്നതിന് എതിരെ പരസ്യ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ ഷഹനാസ് എ സലാം നേരത്തേ രംഗത്തെത്തിയിരുന്നു. അബിന്‍ വര്‍ക്കിക്കു പിന്നാലെ ഒ ജെ ജനീഷ്, കെ എം അഭിജിത്, ബിനു ചുളളിയില്‍ എന്നിവരുടെ പേരുകളും ചിലർ മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും ബിനു ചുള്ളിയിലിനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നതാണ് സംഘടനക്കുള്ളിൽ പ്രശ്നം രൂക്ഷമായിരിക്കുന്നത്.
വോട്ടിങ്ങിൽ രണ്ടാമതെത്തിയ അബിൻ വർക്കിയെ മറികടന്ന് ബിനു ചുള്ളിയിലിനെ പരിഗണിച്ചാൽ പ്രതിഷേധം വ്യാപകമാകുമെന്നാണ് കണക്ക് കൂട്ടൽ. ഇന്ദിരാ ഗ്രൂപ്പ് പ്രവർത്തകർ പരസ്യമായി രംഗത്തെത്തി കഴിഞ്ഞു. ഇതിനിടയിലാണ് അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനോ സന്ദേശം അയക്കാനോ കഴിയാത്ത രീതിയിൽ സംസ്ഥാന കമ്മിറ്റിയുടെ ഗ്രൂപ്പ് പൂട്ടി വെച്ചിരിക്കുന്നത്. സംഘടനയുടെ ജനാധിപത്യ സംസ്കാരത്തിന് അനുയോജ്യമായ പ്രവർത്തിയല്ല ഇതെന്നും വിമർശനം ഉയരുന്നു.
















