ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ ശനിയാഴ്ച തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന് പാർട്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന ആവശ്യവുമായി ഹർജി. ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് ഹർജികളാണ് മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. ടിവികെയുടെ ഭാവി പ്രചരണ പരിപാടികൾക്ക് അനുമതി നൽകരുതെന്നാണ് ആദ്യത്തെ ഹർജി. ദുന്തത്തിൽ രക്ഷപെട്ട ഒരാളാണ് ഹർജി നൽകിയിരിക്കുന്നത്. രണ്ടാമത്തേത് മധുര ബെഞ്ചിലെ ഒരു അഭിഭാഷകൻ പാർട്ടിയുടെ രജിസ്ട്രേഷനും അംഗീകാരവും റദ്ദാക്കണമെന്ന ആവശ്യവുമായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ചെറിയ സ്ഥലത്ത് ഗർഭിണികളും കുട്ടികളും വയോധികരും ഉൾപ്പടെയുള്ളവരെ കുത്തി നിറച്ചതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും അത് ഭരണഘടന ഉറപ്പാക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നുമാണ് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഉന്നിയിച്ചിരിക്കുന്നത്. രാഷ്ട്രിയ പരിപാടികളിൽ കുട്ടികളെ അണിനിരത്തുന്നത് ബാലവേല തടയുന്നതുമായി ബന്ധപ്പെട്ടുള്ള നിയമത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ ചൂണ്ടികാണിക്കുന്നു. നൽകിയിക്കുന്ന ഹർജികൾ കോടതിയിൽ സ്വീകരിക്കപ്പെട്ടാൽ വിജയ്ക്കും ടിവികെയ്ക്കും അത് വലിയ തിരിച്ചടിയായി മാറും.
ടിവികെയ്ക്ക് ഇനിയും ഒരു രാഷ്ട്രിയ കക്ഷിയായി മാറാൻ കഴിഞ്ഞിട്ടില്ല എന്നാണ് എതിർ കക്ഷികളുടെ വിമർശനം. കരൂരിലെ ദുരന്തം അതിനെ ശരിവെയ്ക്കുന്നതാണ് എന്നും ജനങ്ങളുടെ രക്ഷകനെന്ന് സ്ഥാപിക്കാൻ ശ്രമിച്ച വിജയ് ദുരന്തം നടന്ന ഉടൻ തന്നെ സംഭവ സ്ഥലത്ത് നിന്ന് ചെന്നൈയിലേക്ക് പോയത് വിരോദാഭാസമായി എന്നും അവർ അഭിപ്രായപ്പെട്ടു. അതേ സമയം ദുരന്തത്തിൽ ക്രിമിനൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിക്കുകയും അതിനാൽ സ്വതന്ത്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഹർജി ഇന്ന് കോടതി പരിഗണിക്കും.
















