പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ സ്പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിക്കെതിരെ കടുത്ത വിമർശനവുമായി മന്ത്രി വി എൻ വാസവനും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്തും. ഉണ്ണികൃഷ്ണൻ പോറ്റി ആളുകളെ വിഢികളാക്കുകയാണെന്നും പറയുന്ന കാര്യങ്ങൾ വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയായെന്നുമാണ് മന്ത്രിയുടെ വിമർശനം. സ്വർണപീഠം കയ്യിലുണ്ടായിട്ടും ദേവസ്വം ബോർഡിനെ പഴിചാരിയെന്നും പിന്നിൽ ആഗോള അയ്യപ്പസംഗമത്തിന്റെ പകിട്ട് നശിപ്പിക്കാനുള്ള ഗൂഢാലോചനയുണ്ടായി എന്നുമാണ് പ്രശാന്ത് ആരോപിച്ചത്.
അതേസമയം പീഠം കൈവശമുണ്ടെന്ന് ജോലിക്കാരനായ വാസുദേവൻ തന്നെയാണ് വിജിലൻസിനോട് പറഞ്ഞത്. സഹോദരിയുടെ വീട്ടിൽ പീഠമുണ്ടെന്ന് താനാണ് അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചതെന്നും ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞു. വാസുദേവന് പീഠം തന്നെ ഏൽപ്പിച്ചാൽ പ്രശ്നം തീരുമെന്ന് തോന്നിയെന്നും 2021 ജനുവരി ഒന്നിന് പീഠം സന്നിധാനത്ത് എത്തിച്ചെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
‘ഞാനും അന്ന് കൂടെ ഉണ്ടായിരുന്നു. പിന്നീട് ഞാൻ തിരിച്ചു പോന്നു. ദേവസ്വം ബോർഡിനോട് പിന്നീട് ഇക്കാര്യം ഞാൻ അന്വേഷിച്ചില്ല. പീഠത്തിന്റെ കുറച്ചുഭാഗം കട്ട് ചെയ്ത് കളയേണ്ടതുണ്ടായിരുന്നു. വാസുദേവന്റെ കൈവശം ഉദ്യോഗസ്ഥൻ പീഠം തിരിച്ചു കൊടുത്തു. പീഠം വീട്ടിൽ പൊന്നുപോലെ സൂക്ഷിച്ചതായും പേപ്പർ പോലും ഇളക്കിയില്ലെന്നും വാസുദേവൻ എന്നെ അറിയിച്ചു’ ഉണ്ണികൃഷ്ണൻ കൂട്ടിച്ചേർത്തു.
















