ന്യൂഡൽഹി: തപാല്‍ വകുപ്പ് ഇൻലാൻഡ് സ്പീഡ് പോസ്റ്റിന്‍റെ ഡോക്യുമെന്‍റ് നിരക്കുകള്‍ പരിഷ്കരിച്ചു. ഒക്ടോബർ ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പന്ത്രണ്ട് വർഷങ്ങള്‍ക്ക് ശേഷമാണ് ഈ മാറ്റം വരുന്നത്. 2012 ഒക്ടോബറിലാണ് ഇതിന് മുൻപ് സ്പീഡ് പോസ്റ്റ് നിരക്കുകള്‍ പുതുക്കിയത്. ദൂരപരിധി അനുസരിച്ച് സ്പീഡ് പോസ്റ്റ് താരിഫ് 70 രൂപ മുതൽ 93 രൂപ വരെയായി പരിഷ്കരിച്ചിട്ടുണ്ട്. ഈ താരിഫുകൾക്ക് ജിഎസ്ടി ബാധകമായിരിക്കും എന്ന് മന്ത്രാലയം അറിയിച്ചു.
പുതിയ നിരക്ക് അനുസരിച്ച്, പ്രാദേശിക സ്പീഡ് പോസ്റ്റ് ഇനങ്ങള്‍ക്ക് 50 ഗ്രാം വരെ ഭാരമുള്ളവയ്ക്ക് 19 രൂപയാണ് ഈടാക്കുക. 50 ഗ്രാമിന് മുകളില്‍ 250 ഗ്രാം വരെ 24 രൂപയും, 250 ഗ്രാമിന് മുകളില്‍ 500 ഗ്രാം വരെയുള്ളവയ്ക്ക് 28 രൂപയുമാണ് നിരക്ക്. 200 കിലോമീറ്റർ മുതല്‍ 2000 കിലോമീറ്ററിലധികം ദൂരത്തേക്ക് 50 ഗ്രാം വരെയുള്ള ഇനങ്ങള്‍ക്ക് 47 രൂപയായിരിക്കും ഈടാക്കുകയെന്നും കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു. 50 ഗ്രാം മുതൽ 250 ഗ്രാം വരെ ഭാരമുള്ള ഇനങ്ങൾക്ക് 200 കിലോമീറ്റർ വരെയുള്ള ദൂരത്തേക്ക് മിനിമം 59 രൂപ ആയിരിക്കും ചാർജ്. ഇത് 2000 കിലോമീറ്ററിലധികം ദൂരത്തേക്ക് 77 രൂപ ആയി വർധിക്കും.
















