പത്തനംതിട്ട: ശബരിമലയിലെ ദ്വാരപാലക പീഠം കാണാതായ സംഭവത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്ത് ഗുരുതര വീഴ്ച ഉണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തി. 2021 മുതൽ സ്വർണ്ണപീഠത്തിന്റെ സ്ഥിതിയെ കുറിച്ച് അന്വേഷണമൊന്നും നടത്തിയിരുന്നില്ല. കൂടാതെ ശബരിമലയിൽ സമർപ്പിച്ച ഈ പീഠം മഹസറിൽ രേഖപ്പെടുത്തിയിട്ടില്ലെന്നും തെളിഞ്ഞിട്ടുണ്ട്.
കണ്ടെത്തിയ സ്വർണ്ണപീഠം ഇപ്പോൾ തിരുവനന്തപുരം സ്ട്രോങ്ങ് റൂമിലേക്ക് മാറ്റിയിരിക്കുകയാണ്. വിജിലൻസ് റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ താൽപര്യമില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് വ്യക്തമാക്കി. തങ്ങളുടെ കൈ ശുദ്ധമാണെന്നും എല്ലാ കാര്യങ്ങളും വിജിലൻസ് എസ്.പി കോടതിയിൽ റിപ്പോർട്ട് നൽകുമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.
കാണാതായ ദ്വാരപാലക പീഠം, പരാതി നൽകിയ സ്പോൺസറുടെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് കണ്ടെത്തിയത്. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് പീഠം തിരികെ ലഭിച്ചത്. സെപ്റ്റംബർ 13ന് സഹോദരിയുടെ വീട്ടിലേക്ക് പീഠം മാറ്റിയതായാണ് വിവരം. ഉണ്ണികൃഷ്ണൻ പോറ്റിയാണ് അത് സഹോദരിയുടെ വീട്ടിലേക്ക് മാറ്റിയത്. ആദ്യം ഇത് സൂക്ഷിച്ചത് വാസുദേവൻ എന്ന ജോലിക്കാരന്റെ വീട്ടിലായിരുന്നു.
2021 മുതൽ വാസുദേവന്റെ വീട്ടിലെ സ്വീകരണമുറിയിലാണ് ദ്വാരപാലക പീഠം സൂക്ഷിച്ചിരുന്നത്. പിന്നീട് കോടതി വിഷയത്തിൽ ഇടപെട്ടപ്പോൾ വാസുദേവൻ പീഠം ഉണ്ണികൃഷ്ണൻ പോറ്റിയെ തിരികെ ഏൽപ്പിച്ചു.
















