ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന് ടിവികെ അധ്യക്ഷൻ വിജയ് സംസ്ഥാന പര്യടനം നിർത്തിവെച്ചു. അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്‍യെ ഉടൻ അറസ്റ്റ് ചെയ്യേണ്ടതില്ല എന്നാണ് സർക്കാരിന്റെ നിലപാട്. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ടിവികെയുടെ നേതാക്കൾ ചേർന്ന ഓൺലൈൻ യോഗത്തിലാണ് വിഷയത്തിൽ നിയമോപദേശം തേടാനും ഹൈക്കോടതിയെ സമീപിക്കാനും തീരുമാനമെടുത്തത്.
കോയമ്പത്തൂർ, നീലഗിരി വെല്ലൂർ, റാണിപേട്ട് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ നടത്താനിരുന്ന റാലിയാണ് വിജയ് നിർത്തിവെച്ചത്. പര്യടനത്തിൽ ഭാഗമായി സംസ്ഥാനത്തെ 31 ഇടങ്ങളിൽ കൂടി റാലി നടത്തേണ്ടിയിരുന്നു.സംഭവത്തിൽ കോടതി ടിവികെയ്ക്ക് എതിരെ തിങ്കളാഴ്ച കടുത്ത പരാമർശങ്ങൾ നടത്തുമെന്ന ആശങ്കയിലാണ് പാർട്ടി വൃത്തങ്ങൾ. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വിജയ് പ്രഖ്യാപിച്ചിട്ടുണ്ട്. 20 ലക്ഷം രൂപ വീതം മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയുമാണ് സഹായധനമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഒരിക്കലും ധനസഹായം ജീവൻ നഷ്ടമായതിന് പരിഹാരമന്നെന്നും ജനങ്ങൾക്ക് വേണ്ട എല്ലാ സഹായവും ടിവികെ നൽകുമെന്നും വിജയ് എക്സിൽ കുറിച്ചു.
ദുരന്തത്തിന് പ്രധാന കാരണമായത് സംഘാടനത്തിലെ പാളിച്ചയാണ് എന്നാണ് തമിഴ്‌നാട് പൊലീസ് പറയുന്നത്. ഉച്ചകഴിഞ്ഞ് 3.30 മുതൽ രാത്രി പത്ത് വരെയാണ് റാലിക്ക് സമയം അനുവദിച്ചിരുന്നത്. രാവിലെ 11 മുതൽ റാലിയിൽ പങ്കെടുക്കാൻ ആളുകൾ എത്തിതുടങ്ങി. വൈകിട്ട് വിജയ് എത്തുമെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ വിജയ് എത്തിയത് രാത്രി ഏഴര കഴിഞ്ഞാണ്. അപ്പോഴേക്കും കരൂരിൽ അരലക്ഷത്തിലേറെ ആളുകൾ എത്തിക്കഴിഞ്ഞിരുന്നു. വിജയ് എത്താൻ വൈകിയത് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചു. മണിക്കൂറുകളോളം വെള്ളവും ഭക്ഷണവുമില്ലാതെയാണ് ആളുകൾ നിന്നത്. ആൾക്കൂട്ടത്തിൽ ഗർഭിണികൾ പോലും ഉണ്ടായിരുന്നെന്നാണ് പൊലീസ് പറയുന്നത്.
















