Homepage Featured Kerala News

സംഘടനയ്ക്ക് നാഥനില്ലാതായിട്ട് ഒരു മാസക്കാലം; രാഹുലിന് പകരക്കാരനെ പ്രഖ്യാപിക്കാത്തിൽ യൂത്ത് കോൺ​ഗ്രസിൽ അമർഷം

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ പദമൊഴിഞ്ഞ് ഒരുമാസം പിന്നിട്ടിട്ടും സംഘടനയ്ക്ക് പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാത്ത നിലപാടിൽ യൂത്ത് കോൺ​ഗ്രസിൽ അമർഷം പുകയുന്നു. പല നേതാക്കളും എതിർപ്പും വിയോജിപ്പും അറിയിച്ച് രം​ഗത്തെത്തിക്കഴിഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയ രാഹുലിന് പിന്നാലെ അബിൻ വർക്കിക്കാണ് സംസ്ഥാന അധ്യക്ഷൻ സ്ഥാനം ഏറ്റെടുക്കാനുള്ള നറുക്ക് വീണത്. എന്നാൽ സംഘടനയിലെ ​ഗ്രൂപ്പിസമാണ് അധ്യക്ഷപ്രഖ്യാപനത്തിന് വൈകുന്നതെന്ന തലത്തിൽ തുറന്നെഴുത്തുമായി എത്തുകയാണ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമാരിൽ ഒരാളായ ഷഹനാസ് എ സലാം.

കേരളത്തിലെ പ്രതിപക്ഷ സമരസംഘടനയ്ക്ക് നാഥനില്ലാതായിട്ട് ഒരു മാസക്കാലത്തിലേറെയാകുന്നു.ഇപ്പോൾ മുഴങ്ങിക്കേൾക്കുന്ന പല പേരുകളും എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നതേയില്ലെന്നും ഷഹനാസ് തുറന്നെഴുതുന്നു. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷഹനാസ് പരസ്യ പ്രതിഷേധം രേഖപ്പെടുത്തി രം​ഗത്തെത്തുന്നത്.

ഒരു പ്രത്യേകമായ സാഹചര്യത്തിൽ സംസ്ഥാന പ്രസിഡണ്ട് രാജിവെക്കേണ്ടി വന്ന അവസ്ഥയിൽ സംഘടനാതെരെഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയ വ്യക്തിയെ പ്രസിഡണ്ടാക്കണമെന്ന സാമാന്യയുക്തി എന്തൊക്കെ കാരണങ്ങളാലാണ് അട്ടിമറിക്കപ്പെടുന്നതെന്ന് പിടികിട്ടുന്നതേയില്ലെന്നും. അതിലെ സാമാന്യ യുക്തി വിശദമാക്കണമെന്നും ഷഹനാസിന്റെ കുറിപ്പിൽ വിമർശിക്കുന്നു. ജാതിയും ഗ്രൂപ്പ്സമവാക്യങ്ങളും നോക്കി സംഘടനയെ ദുർബലപ്പെടുത്താനാണ് പല നേതാക്കൻമാരുടേയും ശ്രമം. ഇത്തരം പ്രവൃത്തികളിലൂടെ എന്ത് നേട്ടമാണുണ്ടാകുന്നതെന്ന് ഈ നേതാക്കൻമാരാണ് മറുപടി പറയേണ്ടതെന്നും ചോദിക്കുന്നു. കെ.സി വേണു​ഗോപാൽ പക്ഷവും രമേശ് ചെന്നിത്തല പക്ഷവും തമ്മിലുള്ള എതിരഭിപ്രായങ്ങളാണ് അധ്യക്ഷ പ്രഖ്യാപനം വൈകുന്നതിലെ മെല്ലേപ്പോക്കെന്നാണ് ആക്ഷേപം ഉയരുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:-

കേരളത്തിലെ പ്രതിപക്ഷ സമരസംഘടനയ്ക്ക് നാഥനില്ലാതായിട്ട് ഒരു മാസക്കാലത്തിലേറെയാകുന്നു.ഇപ്പോൾ മുഴങ്ങിക്കേൾക്കുന്ന പല പേരുകളും എന്തൊക്കെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് മനസ്സിലാകുന്നതേയില്ല.
ജനാധിപത്യപരമായി സംഘടനാ തെരെഞ്ഞെടുപ്പിലൂടെ ചുമതലയേറ്റെടുത്ത ഒരു സംഘടനാസംവിധാനമാണ് നിലവിൽ ഇവിടെയുള്ളത്.മാസങ്ങൾ നീണ്ട തെരെഞ്ഞെടുപ്പ് പ്രക്രിയയിലൂടെ നിരവധിയാളുകളുടെ കഠിനാധ്വാനത്തിൻ്റെ ഫലമായാണ് പുതിയ സംഘടനാസംവിധാനം രൂപപ്പെട്ടത്.

ഒരു പ്രത്യേകമായ സാഹചര്യത്തിൽ സംസ്ഥാന പ്രസിഡണ്ട് രാജിവെക്കേണ്ടി വന്ന അവസ്ഥയിൽ സംഘടനാതെരെഞ്ഞെടുപ്പിൽ കൂടുതൽ വോട്ട് നേടിയ വ്യക്തിയെ പ്രസിഡണ്ടാക്കണമെന്ന സാമാന്യയുക്തി എന്തൊക്കെ കാരണങ്ങളാലാണ് അട്ടിമറിക്കപ്പെടുന്നതെന്ന് പിടികിട്ടുന്നതേയില്ല. ജാതിയും ഗ്രൂപ്പ്സമവാക്യങ്ങളും നോക്കി സംഘടനയെ ദുർബലപ്പെടുത്താനാണ് പല നേതാക്കൻമാരുടേയും ശ്രമം. ഇത്തരം പ്രവൃത്തികളിലൂടെ എന്ത് നേട്ടമാണുണ്ടാകുന്നതെന്ന് ഈ നേതാക്കൻമാരാണ് മറുപടി പറയേണ്ടത്.

പറയുവാനുള്ള വേദികൾ ഒന്നും തന്നെയില്ലാത്തതു കൊണ്ടും മാസങ്ങളായി യൂത്തകോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പ്‌ അഡ്മിൻ ഒൺലി ആക്കിയത് കൊണ്ടുമാണ് ഇങ്ങനെ പരസ്യമായി പറയേണ്ടി വന്നത്.

ഷഹനാസ്. എ. സലാം
യൂത്ത്കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി കേരളം

Related Posts