ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് നടത്തിയ പരാമർശങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഇന്ത്യന്‍ നയതന്ത്രജ്ഞയും യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം മിഷനിലെ ഫസ്റ്റ് സെക്രട്ടറിയുമായ പെറ്റല്‍ ഗെഹ്‌ലോട്ട്. പാക്കിസ്ഥാൻ പ്രധാനമന്ത്രി വീണ്ടും ഭീകരതയെ മഹത്വവൽക്കരിച്ചുവെന്നാണ് ഗെഹ്‌ലോട്ട് തന്റെ പ്രസ്താവനയിൽ പറഞ്ഞത്.
”നാടകീയത കൊണ്ടും നുണകൾ കൊണ്ടും സത്യം മറച്ചുവയ്ക്കാനാവില്ല. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്നതിൽ ദീര്‍ഘകാല പാരമ്പര്യമുള്ള രാജ്യമാണ് പാക്കിസ്ഥാൻ. ഭീകരവാദമെന്നത് പാകിസ്താന്റെ വിദേശനയത്തിന്റെ കേന്ദ്ര ബിന്ദുവാണ്. ഒരു ദശാബ്ദത്തോളം ഒസാമ ബിന്‍ ലാദന് അഭയം നല്‍കിയ രാജ്യമാണെന്നത് ഓര്‍ക്കണം. പതിറ്റാണ്ടുകളായി ഭീകരവാദ ക്യാമ്പുകൾ പ്രവർത്തിപ്പിക്കുന്നുണ്ടെന്ന് അവരുടെ മന്ത്രിമാർ അടുത്തിടെ സമ്മതിച്ച കാര്യവും ഈ വേളയിൽ ഓർക്കണം,” ഗെഹ്‌ലോട്ട് പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചും ഗെഹ്‌ലോട്ട് പരാമർശിച്ചു. ഇന്ത്യ ലക്ഷ്യമിട്ട ഭീകരരെ പാക് സൈനിക-സിവിലിയന്‍ ഉദ്യോഗസ്ഥര്‍ മഹത്വവത്കരിക്കുകയും ആദരാഞ്ജലികളര്‍പ്പിക്കുകയും ചെയ്തു. പാക് ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ എന്താണെന്ന് ഇതിലൂടെ വ്യക്തമാണ്. മേയ് ഒന്‍പത് വരെ കൂടുതല്‍ ആക്രമണങ്ങള്‍ ഇന്ത്യയ്ക്കെതിരെ നടത്തുമെന്ന് പാക്കിസ്ഥാൻ ഭീഷണി മുഴക്കി. എന്നാല്‍, മേയ് 10-ന് യുദ്ധം അവസാനിപ്പിക്കാന്‍ പാക് സൈന്യം അഭ്യര്‍ഥിച്ചുവെന്നും അവർ വ്യക്തമാക്കി.
പെറ്റല്‍ഗെഹ്‌ലോട്ട്ആരാണ്?
ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ ഉപദേഷ്ടാക്കളിൽ ഒരാളാണ് പെറ്റല്‍ ഗെഹ്‌ലോട്ട്. 2023 ജൂലൈയിൽ ഐക്യരാഷ്ട്രസഭയിലേക്കുള്ള ഇന്ത്യയുടെ സ്ഥിരം മിഷനിൽ ഫസ്റ്റ് സെക്രട്ടറിയായി നിയമിതയായി. അതിനു മുൻപ് 2020 മുതൽ 2023 വരെ മൂന്ന് വർഷം യൂറോപ്യൻ വെസ്റ്റ് ഡിവിഷനിലെ വിദേശകാര്യ മന്ത്രാലയത്തിൽ അണ്ടർ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. അണ്ടർ സെക്രട്ടറിയായിരിക്കെ, പാരീസിലും സാൻ ഫ്രാൻസിസ്കോയിലും ഇന്ത്യൻ മിഷൻ/കോൺസുലേറ്റിൽ ജോലി ചെയ്തിരുന്നതായി ഷീ ദി പീപ്പിൾ വെബ്സൈറ്റിൽ പറയുന്നു.
സംഗീതത്തിലും ഗെഹ്‌ലോട്ട് അതീവ താൽപര്യയാണ്. ഗിറ്റാർ വായിക്കുന്നതിന്റെ വീഡിയോകൾ ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും അവർ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്. ഇറ്റാലിയൻ ഗാനമായ “ബെല്ല സിയാവോ”, “ലോസ്റ്റ് ഓൺ യു” എന്നീ ഗാനങ്ങൾ ആലപിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ശ്രദ്ധ നേടിയിരുന്നു.
മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ഫ്രഞ്ച് സാഹിത്യം എന്നിവയിൽ ഗെഹ്‌ലോട്ട് ബിരുദം നേടി. തുടർന്ന് ഡൽഹി സർവകലാശാലയുടെ ലേഡി ശ്രീറാം കോളേജ് ഫോർ വിമനിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി. മോണ്ടെറിയിലെ മിഡിൽബറി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ സ്റ്റഡീസിൽ നിന്ന് ഭാഷാ വ്യാഖ്യാനത്തിലും വിവർത്തനത്തിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
















