ഡൽഹി: വോട്ടർ പട്ടികയിൽ ഒന്നിലധികം വോട്ടുള്ളവർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് സുപ്രീം കോടതി. ഒന്നിലധികം ഇടങ്ങളിൽ വോട്ടുണ്ടെന്ന കാരണത്താൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചാൽ തള്ളരുതെന്ന് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ ഇറക്കിയിരുന്നു. ഇതു സംസ്ഥാനത്തിന്റെ തന്നെ നിയമത്തിനെതിരാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വ്യത്യസ്ത പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും വോട്ടുള്ളവർക്ക് മത്സരിക്കാൻ ഇളവുനൽകുന്നതായിരുന്നു സർക്കുലർ. 2016 ലെ ഉത്തരാഖണ്ഡ് പഞ്ചായത്തീരാജ് ആക്ടിന്റെ 9(6), 9(7) വകുപ്പുകൾ പ്രകാരം വോട്ടർ പട്ടികയിൽ ഒന്നിലധികം ഇടങ്ങളിൽ പേരുള്ളവർക്ക് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനാകില്ല. ഇതിനെതിരായാണ് ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ സർക്കുലർ എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി നേരത്തേ ഇത് റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ സുപ്രീം കോടതി ഹൈക്കോടതിയുടെ വിധി ശരിവെച്ചു. ഉത്തരാരാഖണ്ഡ് തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടു ലക്ഷം രൂപ പിഴ ചുമത്തിയിട്ടുമുണ്ട്.
ജസ്റ്റിസ് വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. നിയമത്തിലെ വ്യവസ്ഥകള്‍ക്കെതിരേ എങ്ങനെ ഉത്തരാഖണ്ഡ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ സര്‍ക്കുലര്‍ പുറത്തിറക്കിയെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും ഒരു കാരണവശാലും സർക്കുലർ നടപ്പിലാക്കരുതെന്നും സുപ്രീം കോടതി നിർദേശിച്ചു.
സംസ്ഥാനത്തെ പഞ്ചായത്തീരാജ് ആക്ട് 2016 ലെ 9-ആം വകുപ്പിലെ ഉപ വകുപ്പ് 6 പ്രകാരം ഒരു വ്യക്തിക്കും ഒരേ മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ ഒന്നിലധികം തവണ പേരു ചേർക്കാൻ അർഹതയില്ല. അതേ വകുപ്പിലെ ഉപ വകുപ്പ് 7 പ്രകാരം ഏതെങ്കിലും ഒരു പ്രാദേശിക മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരു ചേർത്ത വ്യക്തിക്ക് ആ പേര് മണ്ഡലത്തിൽ നിന്ന് തള്ളാതെ മറ്റൊരു മുനിസിപ്പൽ കോർപ്പറേഷനിലോ മുനിസിപ്പാലിറ്റിയിലോ ഗ്രാമ പഞ്ചായത്തിലോ വോട്ടർ പട്ടികയിൽ പേരു ചേർക്കാനാകില്ല. ഇതനുസരിച്ചാണ് സുപ്രീം കോടതി സെപ്റ്റംബർ 26 വെള്ളിയാഴ്ച്ച വിഷയത്തിൽ വ്യക്തത വരുത്തിയത്.
















