News World

പലസ്തീന് അനുകൂലമായി തീപ്പൊരി പ്രസം​ഗം; കൊളംബിയൻ പ്രസിഡന്റിന്റെ വിസ യുഎസ് റദ്ദാക്കി

ന്യൂയോർക്ക്: കൊളംബിയൻ പ്രസിഡന്റും ഇടതുപക്ഷ നേതാവുമായ ​ഗസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ്.
ന്യൂയോർക്കിൽ നടന്ന പലസ്തീനനുകൂല പ്രതിഷേധ പരിപാടിയിൽ തീപ്പൊരി പ്രസം​ഗം നടത്തിയതിനെതിരെയാണ് നടപടി. വെള്ളിയാഴ്ച്ച പെട്രോ യുഎസിൽ ഉണ്ടായിരുന്നു. ന്യൂയോർക്കിൽ നിന്ന് കൊളംബിയൻ തലസ്ഥാനമായ ബൊ​ഗോട്ടയിലേക്ക് അദ്ദേഹം യാത്ര തിരിച്ചതിനു ശേഷമാണ് യുഎസ് വിസ റദ്ദാക്കുന്നതായി വിവരം പുറത്തുവന്നത്.

​ഗസ്താവോ പെട്രോ സോഷ്യൽ മീഡിയയിൽ അടുത്തിടെ ഒരു വീഡിയോ പങ്കുവെച്ചിരുന്നു. അദ്ദേഹം സ്പാനിഷ് ഭാഷയിൽ മെ​ഗാഫോൺ ഉപയോ​ഗിച്ച് വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് ന്യൂയോർക്കിൽ സംസാരിക്കുന്നതായിരുന്നു വീഡിയോ. ലോകരാഷ്ട്രങ്ങൾ യുഎസിന്റേതിനേക്കാൾ വലിയൊരു സൈന്യത്തെ രൂപീകരിക്കാനുള്ള പെട്രോയുടെ ആഹ്വാനമായിരുന്നു അത്. യുഎസ് സൈന്യം മനുഷ്യത്വത്തിനു നേരെ തോക്കു ചൂണ്ടരുതെന്നും അദ്ദേഹം പറയുന്നതായി വീഡിയോയിൽ കാണാം.

പെട്രോയുടെ പ്രവർത്തികൾ വീണ്ടു വിചാരമില്ലാത്തതാണെന്നും വിദ്വേഷ പരാമർശങ്ങൾ നടത്തുന്നതായും വിസ റദ്ദാക്കിയതിന് കാരണമായി യുഎസ് ചൂണ്ടിക്കാട്ടുന്നു. യുഎസ് സൈന്യത്തോട് ഓർഡറുകൾ അനുസരിക്കേണ്ടതില്ലെന്ന് ആഹ്വാനം ചെയ്തതും കാരണമായി പറയുന്നു. അതേസമയം പെട്രോയുടെ വിസ റദ്ദാക്കുന്നതിനു പകരം ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിന്റെ വിസയാണ് റദ്ദാക്കേണ്ടിയിരുന്നതെന്ന് കൊളംബിയയുടെ ഇന്റീരിയർ മന്ത്രി അർമാഡോ ബെനഡെറ്റി എക്സിൽ കുറിച്ചു.

മയക്കുമരുന്ന് കള്ളക്കടത്തെന്ന് ആരോപിച്ച് ട്രംപ് ഭരണകൂടം കരീബിയൻ കടലിൽ ബോട്ടുകൾക്കു നേരെ വ്യോമാക്രമണം നടത്തിയിരുന്നു. അടുത്തിടെ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ പെട്രോ ഇതിനെ ഏകാധിപത്യത്തോട് ഉപമിച്ചും സംസാരിച്ചിരുന്നു. എന്നാൽ വെനിൻസ്വലയുടെ തീരത്ത് നടന്ന ആക്രമണം മയക്കുമരുന്നിനെതിരെയുള്ള പോരാട്ടം മാത്രമാണെന്നും അതിൽ മറ്റു ലക്ഷ്യങ്ങളില്ലെന്നും യുഎസ് പറഞ്ഞു. പെട്രോ ഭരണത്തിലെത്തിയ ശേഷം കൊളംബിയ യുഎസ് ബന്ധങ്ങളിൽ വിള്ളൽ വീണിരുന്നു. കൊളംബിയയിലെ ആദ്യത്തെ ഇടതുപക്ഷ പ്രസിഡന്റാണ് ​ഗസ്തവോ പെട്രോ.

Related Posts