കണ്ണൂർ: പി.എസ്.സി പരീക്ഷയ്ക്കിടെ വീണ്ടും ഹൈടെക് കോപ്പിയടി. ക്യാമറ ഉപയാഗിച്ച് കോപ്പിയടിച്ചത് പി.എസ്.സി വിജലൻസ് വിങ് കണ്ടെത്തി. തുടർന്ന് ഇറങ്ങിയോടിയ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു. കണ്ണൂർ പെരളശ്ശേരി സ്വദേശി എൻ പി മുഹമ്മദ് സഹദാണ് പ്രതിയെന്നാണ് റിപ്പോർട്ട്.
പയ്യാമ്പലം ഗവണ്മെന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് ഇറങ്ങിയോടിയ സഹദിനെ ടൗൺ പോലീസാണ് പിടികൂടുകയത്. ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതിയിൽ നിന്ന് കോപ്പിയടിക്കാനുപയോഗിച്ച ക്യാമറ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
മുൻപും പി.എസ്.സി പരീക്ഷയിൽ ഹൈടെക് കോപ്പിയടികൾ പിടിക്കപ്പെട്ടിട്ടുണ്ട്. ഏറെ വിവാദമായ സിവിൽ പോലീസ് ഓഫീസർ പോസ്റ്റിലേക്കുള്ള പി.എസ്.സി പരീക്ഷയിൽ എസ്എഫ്ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്, നസീം, പ്രണവ് എന്നിവരാണ് ഹൈടെക്ക് കോപ്പിയടിയിലൂടെ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടിയിലെ ഉന്നതറാങ്കുകാരായത്. ഇവർ പിന്നീടുള്ള പരിശോധനയിൽ പിടിക്കപ്പെടുകയായിരുന്നു.
പരീക്ഷ ഹാളിൽ നിന്നും ചോർത്തിയെടുത്ത ചോദ്യ പേപ്പർ പരിശോധിച്ച് പോലീസുകാരനായ ഗോകുലും സുഹൃത്തുക്കളായ സഫീറും പ്രവീണും ചേർന്ന് ഉത്തരങ്ങൾ കണ്ടെത്തി അയച്ചു കൊടുത്തു. സ്മാർട്ട് വാച്ച് വഴിയാണ് പരീക്ഷാഹാളിലുള്ള ഉദ്യോഗാർത്ഥികൾക്ക് ഉത്തരങ്ങൾ കൈമാറിയത്. ഈ ഹൈടെക് കോപ്പിയടി നടന്നത് 2018 ഓഗസ്റ്റ് എട്ടിനായിരുന്നു.
















