Kerala News

മാതാ അമൃതാനന്ദമയിക്കെതിരെ അധിക്ഷേപം; ഫേസ്ബുക്ക് പോസ്റ്റുമായി പി.ജയരാജന്റെ മകൻ

കണ്ണൂർ: മാതാ അമൃതാനന്ദമയിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റുമായി സി.പി.എം നേതാവ് പി.ജയരാജന്റെ മകൻ. അമൃതാനന്ദമയിയെ കേരള സർക്കാർ ആദരിച്ച ചടങ്ങിന് പിന്നാലെയാണ് ജയിൻ രാജ് പരിഹാസ കുറിപ്പുമായി രം​ഗത്തെത്തുന്നത്. വല്യ ഡെക്കറേഷനൊന്നും വേണ്ട, സുധാമണി അതു മതി എന്നായിരുന്നു ജയിൻ രാജിന്റെ പരിഹാസ കുറിപ്പ്.

കഴിഞ്ഞ ദിവസമാണ് കൊല്ലം കരുനാ​ഗപ്പള്ളിയിലെ അമൃതപുരി ക്യാമ്പസിൽ അമ്മയുടെ 72ാം ജന്മദിന ആഘോഷങ്ങളുടെ ഭാ​ഗമായിട്ടുള്ള ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. സർക്കാരിന്റെ മുഖ്യാതിഥിയായി എത്തിയ മന്ത്രി സജി ചെറിയാൻ മാതാ അമൃതാനന്ദമയിയെ ചുംബിച്ചതും അനു​​ഗ്രഹം ഏറ്റുവാങ്ങിയതും വിവാദമായിരുന്നു. കമ്യൂണിസ്റ്റ് മന്ത്രിക്ക് പറ്റിയ ചെയ്തിയല്ലിതെന്നും ആൾദൈവങ്ങളെ തലയിലേറ്റി നടക്കുന്നുവെന്നും തുടങ്ങി പലതരത്തിലുള്ള വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു.

യു.എൻ പൊതുസഭയിൽ അമൃതാനന്ദമയി മലയാളത്തിൽ പ്രസം​ഗിച്ചതിന്റെ രചത ജൂബിലി ആഘോഷിച്ചായിരുന്നു ഈ വർഷത്തെ ജന്മദിന പരിപാടികൾ അരങ്ങേറിയത്. കേരള സർക്കാരിന്റെ വകയായുള്ള ആദരം മന്ത്രി സജി ചെറിയാൻ സമർപ്പിച്ചതും സമൂഹമാധ്യങ്ങളിൽ ചർച്ചയായി മാറി. പിന്നാലെയാണ് പരിഹാസ കുറിപ്പുമായി പി ജയരാജന്റെ മകൻ രം​ഗത്തെത്തുന്നത്. സർക്കാർ ആദരിക്കുന്ന പരിപാടിയിൽ മുതിർന്ന സി.പി.എം നേതാവിന്റെ മകൻ തന്നെ വിമർശനവുമായി രം​ഗത്തെത്തിയതോടെ സി.പി.എം നേതൃത്വവും വെട്ടിലാണ്. ചടങ്ങിൽ കോൺ​​ഗ്രസ് എം.എൽ.എ സി.ആർ മഹേഷ് ഉൾപ്പടെയുള്ളവരും പങ്കെടുത്തിരുന്നു.

Related Posts