കൊച്ചി: ഭൂട്ടാൻ വാഹന കടത്ത് കേസിൽ കേരള പൊലീസിന്റെ സഹായം തേടി കസ്റ്റംസ്. ഇതുമായി ബന്ധപ്പെട്ട്ക്രമസമാധാന ചുമതലയുള്ള എ ഡിജിപിക്ക് കസ്റ്റംസ് പ്രിവൻ്റീവ് വിഭാഗം കമ്മീഷണർ കത്ത് നൽകി. വാഹനങ്ങളുടെ നമ്പറുകൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കൈമാറിയിട്ടുണ്ട്. മുഴുവൻ വാഹനങ്ങളും കണ്ടെടുക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് കസ്റ്റംസ് പൊലീസിന്റെ സഹായം തേടിയത്. കേരളത്തിൽ 200 ഓളം വാഹനങ്ങൾ വിറ്റതായി വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടിയത് 38 വാഹനങ്ങൾ മാത്രമാണ്. നൂറോളം വാഹനങ്ങൾക്കായി അന്വേഷണം തുടരുകയാണ്.
കസ്റ്റംസിന്റെ അന്വേഷണം എങ്ങും എത്താത്ത സാഹചര്യത്തിലാണ് പോലീസിന്റെ കൂടി സഹായം തേടിയത്. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. സംശയിക്കപ്പെടുന്ന വാഹനങ്ങൾ സംസ്ഥാനത്ത് നിന്ന് കടത്താനും ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് സൂചനയും ഉണ്ട്. ഈ സാഹചര്യത്തിൽ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം ഓപ്പറേഷൻ നുംഖോറിൽ ഇടനിലക്കാരെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം ചോദ്യം ചെയ്ത മാഹിൻ അൻസാരിയുടെ മൊഴിയിൽ നിന്നാണ് നിർണായക തെളിവ് ലഭിച്ചത്.
ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇടനില സംഘത്തിനെതിരെ കസ്റ്റംസ് അന്വേഷണം തുടങ്ങി. മാഹിൻ അൻസാരിയിൽ നിന്ന് പിടിച്ചെടുത്ത ലാൻഡ് ക്രൂസർ വാഹനം ഭൂട്ടാനിൽ നിന്ന് നേരിട്ട് ഇറക്കിയതാണെന്ന് നിഗമനത്തിലാണ് കസ്റ്റംസ്. ഇയാളെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഭൂട്ടാനിൽ നിന്നും കടത്തികൊണ്ട് വന്ന പല വാഹനങ്ങളുടെയും എൻജിൻ നമ്പർ വരെ മാറ്റിയിട്ടുണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. വാഹന തട്ടിപ്പിൻ്റെ മറവിൽ കള്ളപണ ഇടപാട് നടന്നതായാണ് ഇ ഡിയുടെ യുടെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
















