തിരുവനന്തപുരം: ലാനിന പ്രതിഭാസത്തെക്കുറിച്ച് ഓൺലൈനിൽ നിരവധി വാർത്തകളാണ് പ്രചരിക്കുന്നത് നോർത്ത് ഇന്ത്യയിലെ പോലെ അതി ശൈത്യത്തിലേക്ക് കേരളവും പോയേക്കുമെന്നാണ് വാർത്തകൾ. വടക്കേ ഇന്ത്യയിൽ ശൈത്യകാലത്ത് ലാനിന പ്രതിഭാസമുണ്ടായാൽ അതിശൈത്യത്തിന് കാരണമാകാറുണ്ട്. കേരളത്തിൽ മഴക്കാലത്തെത്തുന്നതിനാൽ അതിശൈത്യമുണ്ടാകില്ല എന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ വിവിധ പ്രതിഭാസങ്ങൾ കൊണ്ട് കേരളത്തിൽ കൂടിയ അളവിൽ മഴ ലഭിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.
പസഫിക് സമുദ്രത്തിലെ മധ്യ കിഴക്കൻ ഭൂമധ്യരേഖാ പ്രദേശത്തുള്ള സമുദ്രോപരിതലത്തിലെ താപനില സാധാരണ നിലയേക്കാൾ തണുക്കുമ്പോഴാണ് ലാനിന (La Nina ) പ്രതിഭാസം രൂപപ്പെടുന്നു. വിവിധ കാലാവസ്ഥ ഏജൻസികൾ ഡിസംബർ വരെയുള്ള തുലാവർഷ സീസണിൽ പസഫിക് സമുദ്രത്തിൽ ലാനിന പ്രതിഭാസം രൂപപ്പെടാനുള്ള സാധ്യത പ്രവചിക്കുന്നു. ലാ നിന എൽ നിനോ – സതേൺ ഓസിലേഷൻ എന്ന കാലാവസ്ഥാ പ്രതിഭാസത്തിന്റെ ഭാഗമാണ്.
ലാനിന പോലെ സാധാരണയായി വരുന്ന മറ്റൊരു പ്രതിഭാസമാണ് ഇന്ത്യൻ മഹാസമുദ്രത്തിലെ ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (ഐഒഡി) പ്രതിഭാസം. ഇന്ത്യൻ മഹാസമുദ്രത്തിലെ കിഴക്കും പടിഞ്ഞാറും ഭാഗത്തുള്ള താപനിലയിലുള്ള വ്യത്യാസമാണ് ഇതിനു കാരണം. ഇന്ത്യൻ മഹാസമുദ്രത്തിൽ പടിഞ്ഞാറു ഭാഗത്തെ അപേക്ഷിച്ച് കിഴക്കുഭാഗത്ത് താപനില കൂടുതലാണെങ്കിൽ നെഗറ്റീവ് ഐഒഡി എന്നും തിരിച്ചാണെങ്കിൽ ഉണ്ടാകുന്ന പ്രതിഭാസത്തെ പോസിറ്റീവ് ഐഒഡി എന്നുമാണ് പറയുന്നത്. രണ്ടിലും മഴ കൂടുതലായി ലഭിക്കാനുള്ള സാധ്യതയുണ്ട്. ഇത്തവണ നെഗറ്റീവ് ഐഒഡിക്കാണ് കേരളത്തിൽ സാധ്യത
കേരളത്തിൽ ഇത്തവണ തുലാമഴയോടൊപ്പം ഐഒഡിയും ലാനിനയും ഉണ്ടാകാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. 2021 ൽ സമാന സാഹചര്യമുണ്ടായപ്പോൾ മഴ കനത്തിരുന്നു. എന്നാൽ 2022 മഴ സാധാരണ രീതിയിൽ മാത്രമായിരുന്നു. സാധാരണ കേരളത്തിൽ മഴക്കാലത്ത് ഈ പ്രതിഭാസങ്ങളുണ്ടായാൽ തണുപ്പ് കൂടുന്നതായി കാണാറുണ്ട്. എന്നാൽ ഇത് ഉത്തരേന്ത്യയിലെ പോലെ അതിശൈത്യമായി മാറാനുള്ള സാധ്യതയില്ല. വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
















