കോട്ടയം: കുവൈത്തിലെ ബാങ്കില്‍ നിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ മലയാളികളെ തേടി ഉദ്യോഗസ്ഥര്‍ കേരളത്തില്‍. വൈക്കത്ത് യുവതിയടക്കം മൂന്ന് പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വൈക്കം സ്വദേശിനിക്കും തലയോലപ്പറമ്പ് വെള്ളൂർ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെയുമാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. അൽ അഹ്‌ലി ബാങ്ക് ഓഫ് കുവൈത്തിലെ ചീഫ് കൺസ്യൂമർ ഓഫിസർ ജില്ലാ പൊലീസ് മേധാവിക്ക് നേരിട്ടാണ് പരാതി നൽകിയത്. നാലുവർഷം മുമ്പ് കുവൈത്തിലെ ബാങ്കിൽ നിന്ന് ലോൺ എടുത്ത ശേഷം തിരിച്ചടക്കാതെയും ബാങ്കിനെ അറിയിക്കാതെയും ഇവർ രാജ്യം വിടുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.
2020ൽ എടുത്ത വായ്പകളുടെ മേൽ 2022ൽ നടപടി ആരംഭിച്ചപ്പോഴാണ് പലരും കുവൈത്തിൽ ഇല്ലെന്ന കാര്യം ബാങ്ക് തിരിച്ചറിയുന്നത്. കുവൈത്തിൽ നിന്ന് നാടുവിട്ട ഇവർ മറ്റ് രാജ്യങ്ങളിൽ ജോലി ചെയ്യുന്നതായാണ് വിവരം. 60 ലക്ഷം മുതൽ 1.20 കോടി രൂപ വരെ ബാങ്കിന് തിരിച്ചടക്കാനുള്ളവരും ഇക്കൂട്ടത്തിലുണ്ട്. ബാങ്ക് അധികൃതരുടെ പരാതിയില്‍ കോട്ടയത്തെ വിവിധ സ്റ്റേഷനുകളിലായി എട്ട് പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. വൈക്കം, തലയോലപ്പറമ്പ്, വെള്ളൂര്‍, കടുത്തുരുത്തി, കുറവിലങ്ങാട് സ്റ്റേഷനുകളിലായി എട്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്.
കുവൈറ്റിലെ അൽ അഹ്‌ലി ബാങ്ക് നൂറുകണക്കിന് ഇന്ത്യൻ പ്രവാസികൾക്കെതിരെ 2 ബില്യൺ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തിയതായിട്ടാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രം ഇത്തരത്തിൽ 806 കേസുകൾ ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതിൽ കൂടുതൽ പേരും കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ്. 2019 നും 2023 നും ഇടയിൽ പ്രതികൾ കുവൈറ്റിൽ ജോലി ചെയ്തിരുന്നു എന്നും, അൽ അഹ്ലി ബാങ്കിൽ നിന്ന് വായ്പയെടുത്ത്, പിന്നീട് രാജ്യം വിട്ടു പോയി. ചിലർ യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് എന്നിവിടങ്ങളിലേക്ക് കുടിയേറിയതായും പൊലീസ് പറഞ്ഞു.
ക്രൈംബ്രാഞ്ചിനെയാണ് കേസുകൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയിരിക്കുന്നത്. വായ്പ തിരിച്ചടവ് വീഴ്ച വരുത്തിയതായി ആരോപിക്കപ്പെടുന്ന ഇന്ത്യക്കാരിൽ ഭൂരിഭാഗവും കേരളീയരാണെന്ന് ബാങ്കിന്റെ അഭിഭാഷകനായ തോമസ് ജെ. ആനക്കല്ലുങ്കൽ മാധ്യമങ്ങളോട് പറഞ്ഞു. ഉയർന്ന ശമ്പളമുള്ള ജോലികൾക്കായി വിദേശത്തേക്ക് പോകുന്നതിനുമുമ്പ് പലരും കുവൈറ്റിലെ ആരോഗ്യ മന്ത്രാലയത്തിൽ മുമ്പ് ജോലി ചെയ്തിരുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
















