ന്യൂഡൽഹി: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന്റെ പ്രസംഗത്തിന് ശക്തമായ മറുപടിയുമായി ഇന്ത്യ. യുഎൻ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിനാണ് ഇന്ത്യൻ നയതന്ത്രജ്ഞ പെറ്റൽ ഗഹ്‌ലോട്ട് മറുപടി നൽകിയത്. പാക് പ്രധാനമന്ത്രിയുടെ പരാമർശങ്ങളെ അസംബന്ധ നാടകങ്ങൾ എന്ന് വിശേഷിപ്പിക്കുകയും ഒരു നാടകത്തിനും യാഥാർത്ഥ്യങ്ങളെ മറച്ചുവെക്കാനാവില്ല എന്നും ഗഹ്‍ലോട്ട് വ്യക്തമാക്കി. മറുപടി പ്രസംഗത്തിൽ പാകിസ്ഥാന്റെ വിദേശനയത്തിന്റെ അടിസ്ഥാനമായ ഭീകരവാദ പ്രവർത്തനങ്ങളെ മഹത്വവൽകരിക്കുന്ന കാഴ്ചയാണ് അസംബ്ലിയിൽ കണ്ടതെന്നും ഇന്ത്യ വിമർശനമുയർത്തി.
പാകിസ്ഥാന്റെ ഭീകരവാദ പ്രവർത്തനങ്ങളുടെ ചരിത്രം ചൂണ്ടിക്കാണിച്ചാണ് ഗഹ്‌ലോട്ട് കടുത്ത വിമർശനമുയർത്തിയത്.
“ഒരു നാടകത്തിനും എത്ര വലിയ നുണകൾക്കും വസ്തുതകളെ മറച്ചുവെക്കാനാവില്ല. ഇന്ത്യൻ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികളെ ക്രൂരമായി കൊലപ്പെടുത്തിയ ‘റെസിസ്റ്റൻസ് ഫ്രണ്ട്’ എന്ന പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരസംഘടനയെ, 2025 ഏപ്രിൽ 25ന് യുഎൻ രക്ഷാസമിതിയിൽ വെച്ച് സംരക്ഷിക്കാൻ ശ്രമിച്ച അതേ പാകിസ്ഥാനാണ് ഇത്,” ഗഹ്‌ലോട്ട് മറുപടി പ്രസംഗത്തിൽ പറഞ്ഞു.
വർഷങ്ങളായി ഭീകരവാദത്തെ പിന്തുണയ്ക്കുകയും കയറ്റുമതി ചെയ്യുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്ഥാനെന്നും അതിനാൽ തന്നെ ഇത്രയും വിചിത്രമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ അത്ഭുതമില്ലെന്നും പ്രസംഗത്തിൽ പറഞ്ഞു. ഏകദേശം ഒരു പതിറ്റാണ്ട് ഭീകരനായ ഒസാമ ബിൻ ലാദനെ സംരക്ഷിക്കുകയും അതേസമയം ഭീകരവാദത്തിനെതിരായി നടത്തിയ യുദ്ധത്തിൽ പങ്കാളിയായി അഭിനയിക്കുകയും ചെയ്ത രാജ്യമാണ് പാകിസ്ഥാൻ. ഭീകരവാദ ക്യാമ്പുകൾ തങ്ങൾ പതിറ്റാണ്ടുകളായി പ്രവർത്തിപ്പിക്കുന്നുണ്ട് എന്ന് പാക് മന്ത്രിമാർ തന്നെ അടുത്തിടെ സമ്മതിച്ചതും ഈ അവസരത്തിൽ ഓർക്കണം. ഇത്തരം ഇരട്ടത്താപ്പ് രാജ്യത്തിന്റെ പ്രധാനമന്ത്രി തലത്തിൽ പോലും തുടരുന്നതിൽ ഒട്ടും അതിശയിക്കേണ്ടതില്ല എന്നും പെറ്റൽ ഗഹ്‌ലോട്ട് കൂട്ടിച്ചേർത്തു.
















