തിരുവനന്തപുരം: ബാലരാമപുരത്ത് കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മ ശ്രീതു അറസ്റ്റിൽ. ബാലരാമപുരം പൊലീസാണ് ശ്രീതുവിനെ അറസ്റ്റ് ചെയ്തത്. ശ്രീതുവിനെതിരെ നേരത്തെ വഞ്ചന കേസ് മാത്രമായിരുന്നു രജിസ്റ്റർ ചെയ്തത്. ശ്രീതു നുണപരിശോധനക്ക് വിസമ്മതിച്ചിരുന്നു. ഇതിൽ ശ്രീതുവിൻ്റെ പങ്ക് വ്യക്തമെന്ന് പൊലീസ് പ്രതികരിച്ചു. കേസിൽ കുട്ടിയുടെ അമ്മാവൻ ഹരികുമാറിനെ നേരത്തെ ഒന്നാം പ്രതിയാക്കി അറസ്റ്റ് ചെയ്തിരുന്നു. ശ്രീതുവിന്റെയും ഹരികുമാറിന്റെയും മൊബൈൽ ഫോണുകളുടെ ശാസ്ത്രീയ പരിശോധനയിൽ ഇരുവരും തമ്മിൽ അസാധാരണ ബന്ധമുള്ളതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ജനുവരി 30നാണ് കുട്ടിയെ വീടിനടുത്ത കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുലർച്ചെയാണ് കുട്ടിയെ കാണാനില്ലെന്ന പരാതി ഉയർന്നത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് രാവിലെ.8.15-ഓടെ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുന്നത്. ശ്രീതു – ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു(2) ആണ് മരിച്ചത്. അഗ്നിരക്ഷാസേനയും പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
















