വാഷിങ്ടൺ: ഇന്ത്യക്കെതിരെ വീണ്ടും തിരിച്ചടികൾ നൽകിക്കൊണ്ട് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. 2025 ഒക്ടോബർ 1 മുതൽ ബ്രാൻഡഡ് അല്ലെങ്കിൽ പേറ്റന്റുള്ള മരുന്നുകൾക്ക് അധിക തീരുവയെന്നാണ് പ്രഖ്യാപനം. അമേരിക്കയിൽ പ്ലാന്റുകളുള്ള കമ്പനികൾക്കും പ്ലാന്റിൻ്റെ പണി തുടങ്ങിയ കമ്പനികൾക്കും ഇത് ബാധകമാകില്ല.
സിപ്ല, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ലുപിൻ എന്നിവയുൾപ്പെടെ നിരവധി ഇന്ത്യൻ മരുന്ന് നിർമ്മാതാക്കൾക്ക് ഇതിനകം അമേരിക്കയിൽ പ്ലാൻ്റുണ്ട്. അതിനാൽ തന്നെ കമ്പനികൾക്ക് ഭയക്കേണ്ട സാഹചര്യമില്ല. യുഎസ് വിപണിയിലെ പ്രധാന ബ്രാൻഡഡ് കമ്പനിയായ ബയോകോണും ഈ മാസം ആദ്യം യുഎസിൽ ഒരു പുതിയ പ്ലാന്റ് കമ്മീഷൻ ചെയ്തിട്ടുണ്ട്. എന്നാൽ സൺ ഫാർമയ്ക്ക് അമേരിക്കയിൽ പ്ലാന്റില്ല. അതിനാൽ തന്നെ അമേരിക്ക ആസ്ഥാനമായുള്ള നിർമ്മാണ പദ്ധതികൾ ഉടൻ പ്രഖ്യാപിച്ചില്ലെങ്കിൽ ഉൽപ്പന്നങ്ങൾക്ക് തീരുവ ബാധിച്ചേക്കും.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനികളുടെ ഏറ്റവും വലിയ കയറ്റുമതി കേന്ദ്രമാണ് അമേരിക്ക. ട്രംപിന്റെ പുതിയ തീരുമാനം ഇന്ത്യൻ കമ്പനികളെ എത്രത്തോളം ബാധിക്കും എന്ന് കണ്ടറിയണം.
2024 സാമ്പത്തിക വർഷത്തിൽ, ഇന്ത്യയുടെ 27.9 ബില്യൺ ഡോളർ മൂല്യമുള്ള ഔഷധ കയറ്റുമതിയിൽ, 31 ശതമാനം അല്ലെങ്കിൽ 8.7 ബില്യൺ ഡോളർ (7,72,31 കോടി രൂപ) യുഎസിലേക്കാണ് പോയതെന്ന് വ്യവസായ സ്ഥാപനമായ ഫാർമസ്യൂട്ടിക്കൽസ് എക്‌സ്‌പോർട്ട് പ്രൊമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ പറയുന്നു. 2025 ന്റെ ആദ്യ പകുതിയിൽ മാത്രം 3.7 ബില്യൺ ഡോളർ (32,505 കോടി രൂപ) മൂല്യമുള്ള ഔഷധ ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തു.
റിപ്പോർട്ടുകൾ പ്രകാരം, യുഎസിൽ ഉപയോഗിക്കുന്ന ജനറിക് മരുന്നുകളുടെ 45 ശതമാനത്തിലധികവും ബയോസിമിലർ മരുന്നുകളുടെ 15 ശതമാനത്തിലധികവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. ഡോ. റെഡ്ഡീസ്, അരബിന്ദോ ഫാർമ, സൈഡസ് ലൈഫ് സയൻസസ്, സൺ ഫാർമ, ഗ്ലാൻഡ് ഫാർമ തുടങ്ങിയ സ്ഥാപനങ്ങൾ അവരുടെ മൊത്തം വരുമാനത്തിന്റെ 30-50 ശതമാനം വരെ അമേരിക്കൻ വിപണിയിൽ നിന്നാണെന്നു റിപ്പോർട്ടുണ്ട്.
ഏറ്റവും പുതിയ അമേരിക്കൻ താരിഫുകൾ പ്രധാനമായും ലക്ഷ്യമിടുന്നത് ബഹുരാഷ്ട്ര ഭീമന്മാർ ആധിപത്യം പുലർത്തുന്ന ബ്രാൻഡഡ്, പേറ്റന്റ് ചെയ്ത മരുന്നുകളെയാണെന്ന് തോന്നുമെങ്കിലും, ഇന്ത്യയിൽ നിന്നുള്ള സങ്കീർണ്ണമായ ജനറിക്സുകളും സ്പെഷ്യാലിറ്റി മരുന്നുകളും പരിശോധനയ്ക്ക് വിധേയമാകുമോ എന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
കൂടാതെ ട്രംപ് തന്റെ ഏറ്റവും പുതിയ താരിഫ് ബ്ലിറ്റ്സിൽ, അടുക്കള കാബിനറ്റുകളുടെയും ബാത്ത്റൂം വാനിറ്റികളുടെയും ഇറക്കുമതിക്ക് 50 ശതമാനവും, അപ്ഹോൾസ്റ്റേർഡ് ഫർണിച്ചറുകൾക്ക് 30 ശതമാനവും, ഹെവി ട്രക്കുകൾക്ക് 25 ശതമാനവും തീരുവ ചുമത്തിയിട്ടുണ്ട്.
















