Kerala Lead News News

394 കുടുംബങ്ങൾക്ക് വീടൊരുക്കി കൊച്ചി കോർപ്പറേഷൻ; രാജ്യത്തെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതി

കൊച്ചി: രാജ്യത്തെ തന്നെ ഏറ്റവും വലിയ ഭവന പുനരധിവാസ പദ്ധതികളിലൊന്ന് ഫോർട്ട് കൊച്ചി തുരുത്തിയിൽ നിർമ്മാണം പൂർത്തിയായി. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത കൊച്ചി കോർപ്പറേഷൻ പരിധിയിൽ വരുന്ന കൽവത്തി, കൊഞ്ചേരി, തുരുത്തി ഭാ​ഗങ്ങളിൽ നിന്നുള്ള 394 കുടുംബങ്ങൾക്കാണ് പദ്ധതിയിലൂടെ വീടെന്ന സ്വപ്നം യാഥാർത്ഥ്യമാകുന്നത്. സെപ്റ്റംബർ 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകളുടെ താക്കോൽ ദാനം നിർവ്വഹിക്കും.

രണ്ടു ടവറുകളിലാണ് കൊച്ചി കോർപ്പറേഷൻ ഭവന സമുച്ചയമൊരുക്കിയത്. ഒന്നാമത്തേത് രാജീവ് ആവാസ് യോജന പ്രകാരവും രണ്ടാമത്തേത് സ്മാർട്ട് സിറ്റി മിഷൻ പദ്ധതിയിലുമാണ് നിർമ്മിച്ചിരിക്കുന്നത്. പതിനൊന്നും പതിമൂന്നും നിലകളുള്ള രണ്ട് ടവറുകളിലായി നിർമ്മിച്ച ഭവന പദ്ധതിയുടെ ഭാഗമായി പൊതു വിശ്രമ ഇടങ്ങൾ, അങ്കണവാടികൾ താഴത്തെ നിലയിൽ കടമുറികൾ എന്നിവ ഒരുക്കിയിട്ടുണ്ട്. വാഹനങ്ങൾ പാർക്കു ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. 

ഡൈനിങ് ഹാൾ, ലിവിങ് ഏരിയ, ബെഡ്റൂം, അടുക്കള  ബാൽക്കണി രണ്ടു ശുചി മുറികൾ എന്നിവയാണ് ഓരോ ഭവനത്തിലുമുള്ളത്. ഒന്നാമത്തെ ടവറിന് 41.74 കോടിയും രണ്ടാമത്തേതിന് 44.01 കോടിയുമാണ് ചിലവ്. 199ഉം 195ഉം വീതമാണ് ഓരോ ടവറുകളിലുമുള്ള വീടുകളുടെ എണ്ണം.  ഓരോ നിലയിലും 15 ഭവന യൂണിറ്റുകളാണുള്ളത്. 300 ചതുരശ്ര അടി വിസ്തീർണമാണ് ഒരോ ഭവന യൂണിറ്റിന്റേതും. 81 വാഹനങ്ങൾ പാർക്ക്‌ ചെയ്യാനുള്ള സൗകര്യം, താഴത്തെ നിലയിൽ 18 കടമുറി എന്നിവയും രണ്ട്‌ ടവറുകളിലുമുണ്ട്‌.

കൊച്ചിയുടെ കായൽ ഭം​ഗി ആസ്വദിക്കാൻ കഴിയും വിധമാണ് പദ്ധതിയൊരുക്കിയത്. പദ്ധതിയുടെ ഭം​ഗിയും സൗകര്യങ്ങളും അതോടൊപ്പം ബഹുനില കെട്ടിടത്തിനു മുകളിൽ നിന്നുള്ള ന​ഗര കാഴ്ച്ചകളും കാണാനെത്തിയവർ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത ദൃശ്യങ്ങൾ വൈറലാണ്. ഞങ്ങൾ വാക്കുപാലിച്ചുവെന്നാണ് പദ്ധതി വിവരങ്ങൾ ഫെയ്സ്ബുക്കിൽ പങ്കുവെച്ച് കോർപ്പറേഷൻ മേയർ എം അനിൽ കുമാർ എഴുതിയത്. 

Related Posts