Homepage Featured India News

ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു, ഡൽഹി ഖലിസ്ഥാനായി മാറും; അജിത് ഡോവലിന് ഭീഷണി

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവലിനെതിരെ ഭീഷണിയുമായി ഖലിസ്ഥാൻ ഭീകരൻ. കാനഡയിൽ അറസ്റ്റിലായി ഒരാഴ്ച്ചക്ക് ഉള്ളിൽ ജാമ്യത്തിൽ ഇറങ്ങിയ ഖലിസ്ഥാൻ ഭീകരൻ ഇന്ദർജീത് സിംഗ് ഗോസാലാണ് ഭീഷണി മുഴക്കിയത്. ഒന്റാറിയോ സെൻട്രൽ ഈസ്റ്റ് കറക്‌ഷനൽ സെന്ററിൽനിന്ന് ഗോസൽ പുറത്തിറങ്ങിയ ഉടൻ തന്നെ നടത്തിയ ഭീഷണിയുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) ഗ്രൂപ്പിന്റെ പ്രമുഖ നേതാവും സംഘാടകനുമായ ഗുർപത്വന്ത് സിംഗ് പന്നൂന്റെ അടുത്ത അനുയായി കൂടിയാണ് ഇയാൾ.

ലൈസൻസില്ലാത്ത തോക്ക് കൈവശം വെച്ചതിനാണ് കാനഡയിൽ ഇയാൾക്ക് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. എന്നാൽ ജാമ്യത്തിലിറങ്ങിയ ഇന്ദർജീത് സിംഗ് താൻ ഇപ്പോൾ ജയിലിൽ നിന്ന് സ്വതന്ത്രനാണെന്നും ഖലിസ്ഥാൻ ഭീകരരുടെ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങളിൽ ഗുർപത്വന്ത് സിംഗ് പന്നൂനെ പിന്തുണയ്ക്കുമെന്നും പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ വിഷയത്തിൽ കേന്ദ്രത്തിന്റെ ഭാ​ഗത്ത് നിന്ന് ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല.

“ഇന്ത്യ, ഞാൻ പുറത്താണ്. ഗുർപത്വന്ത് സിംഗ് പന്നൂണിനെ പിന്തുണയ്ക്കാനും 2025 നവംബർ 23ന് ഖലിസ്ഥാൻ റഫറണ്ടം സംഘടിപ്പിക്കാനും ഞാനുണ്ടാകും. ഡൽഹി ഖലിസ്ഥാനായി മാറും. അജിത് ഡോവൽ കാനഡയിലോ അമേരിക്കയിലോ ഏതെങ്കിലും യൂറോപ്യൻ രാജ്യത്തോ വന്ന് ഞങ്ങളെ അറസ്റ്റ് ചെയ്യാനോ ഇന്ത്യയിലേക്ക് ഞങ്ങളെ പിടിച്ചുകൊണ്ടുപോകാനോ ശ്രമിക്കാത്തത് എന്തുകൊണ്ടാണ്? അജിത് ഡോവൽ, ഞാൻ നിങ്ങൾക്കായി കാത്തിരിക്കുന്നു,” ഇന്ദർജീത് സിംഗ് ഗോസൽ വീഡിയോയിൽ പറഞ്ഞു.

Related Posts