Homepage Featured Kerala News

മദർ മേരി കംസ് ടു മി: മുൻ കവർ മാത്രമല്ല പിൻ കവറും ശ്രദ്ധിക്കണം; ഹർജിക്കാരന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: അരുന്ധതി റോയിയുടെ പുസ്തകത്തിന്റെ കവറിനെതിരെ പൊതുതാൽപര്യ ഹർജി നൽകിയ അഭിഭാഷകനെ കേരള ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. പിൻ കവറിൽ അച്ചടിച്ചിരിക്കുന്ന പുകവലി സംബന്ധിച്ച നിയമപരമായ മുന്നറിയിപ്പ് പരിഗണിക്കാതെ, എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ മദർ മേരി കംസ് ടു മി’ എന്ന പുസ്തകത്തിനെതിരെ അഭിഭാഷകൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ വിമർശനം.

നിയമപരമായ ആരോഗ്യ മുന്നറിയിപ്പ് ഇല്ലാത്ത സാഹചര്യത്തിൽ പുസ്തകത്തിന്റെ വിൽപ്പന സ്റ്റേ ചെയ്യണമെനന്നായിരുന്നു ഹർജി. വാദം കേൾക്കുന്നതിനിടെ, ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഹർജിക്കാരനോട് പുസ്തകം കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി. മറുപടിയായി, താൻ ഒരു പുസ്തകശാല സന്ദർശിച്ച് കവറിന്റെ ഫോട്ടോ എടുത്തിട്ടുണ്ടെന്നായിരുന്നു മറുപടി.

അതേസമയം, പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പുസ്തകത്തിന്റെ പിൻ കവറിന്റെ ഒരു ഫോട്ടോ കോടതിയിൽ സമർപ്പിച്ചു. അതിൽ “ഈ പുസ്തകത്തിലെ പുകവലിയുടെ ഏതെങ്കിലും ചിത്രീകരണം പ്രാതിനിധ്യ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ പുകയില ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല” എന്നൊരു മുന്നറിയിപ്പ് കുറിപ്പ് ഉണ്ടായിരുന്നു.

കൂടാതെ പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തതിന് ഹർജിക്കാരനിൽ നിന്ന് മാതൃകാപരമായ പിഴ ഈടാക്കണമെന്നും പ്രസാധകർ കോടതിയോട് അഭ്യർത്ഥിച്ചുവെന്ന് ലൈവ്‌ലോ റിപ്പോർട്ട് ചെയ്തു. തുടർന്നുള്ള വാദത്തിൽ ഹർജിക്കാരൻ മുഴുവൻ പുസ്തകവും വായിച്ചിട്ടില്ലെന്നും മുൻ കവർ മാത്രമേ കണ്ടിട്ടുള്ളൂവെന്നും അഭിഭാഷകൻ സമ്മതിച്ചു.

Related Posts