ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്കായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനും സൈനികമേധാവി അസീം മുനീറിനും കാത്തിരിക്കേണ്ടി വന്നത് ഏറെ നേരമാണ്. കൃത്യമായി എത്ര നേരം വൈകിയാണ് ട്രംപ് എത്തിയത് എന്ന് വ്യക്തമല്ലെങ്കിലും 30 മിനുട്ടോളം മീറ്റിങ് വൈകിയതായി പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. വൈകിയെത്തിയതിനോട് തമാശ രൂപേണയായിരുന്നു ട്രംപിന്റെ പ്രതികരണം.
ഷഹബാസ് ഷെരീഫ് 5 മണിയോടെ വൈറ്റ് ഹൗസിൽ എത്തി. അതേസമയം ട്രംപ് എക്സിക്യുട്ടീവ് ഓർഡറുകൾ ഒപ്പിടുകയായിരുന്നു. ഇക്കാരണത്താലാണ് ഇരുവർക്കും ട്രംപിനായി കാത്തിരിക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ടുകൾ. താൻ വൈകിയെന്ന് തുറന്നു സമ്മതിച്ച ട്രംപ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയും സൈനികമേധാവിയും ഓവൽ ഓഫീസിൽ എവിടെയെങ്കിലും കാണുമെന്നും അവർ മഹാന്മാരായ വ്യക്തികളാണെന്നുമായിരുന്നു ട്രംപ് പ്രതികരിച്ചത്.
ഇതാദ്യമായാണ് ട്രംപ് വൈറ്റ് ഹൗസിൽ വെച്ച് പാക്കിസ്ഥാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. എന്നാൽ അസീം മുനീറുമായി ജൂണിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഏപ്രിൽ 22 നു ഇന്ത്യയിൽ ഉണ്ടായ പഹൽഗാം ഭീകരാക്രമണത്തിനു ശേഷം നടന്ന ആദ്യ കൂടിക്കാഴ്ചയായിരുന്നു ഇത്. പിന്നീട് ഓഗസ്റ്റിൽ നടന്ന ചർച്ചയിൽ അമേരിക്കയുടെ 500 മില്ല്യൻ ഡോളറിന്റെ നിക്ഷേപം പാക്കിസ്ഥാൻ സ്വന്തമാക്കിയിരുന്നു.
ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി 80-ാം സെഷനിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി സംസാരിക്കുന്നുണ്ട്. ഇതിനു മുന്നോടിയായാണ് കൂടിക്കാഴ്ചയെന്നാണ് കരുതുന്നത്. യുഎസ് പരിധി വിട്ട് തീരുവ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും യുഎസും തമ്മിൽ പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രിയും സൈനിക മേധാവിയും ട്രംപുമായി ചർച്ച നടത്തുന്നത്. ഭീകരവാദവുമായി ബന്ധപ്പെട്ട് മുൻപ് തകർന്ന യുഎസ് പാക്കിസ്ഥാൻ ബന്ധം പുന സ്ഥാപിക്കപ്പെടുന്നതിന്റെ സൂചനയായും ഇതിനെ വിലയിരുത്തപ്പെടുന്നുണ്ട്. ഒസാമ ബിൻ ലാദനെ പാക്കിസ്ഥാനിൽ നിന്ന് അമേരിക്കൻ സൈന്യം കണ്ടെത്തിയിരുന്നു.
















